SEED News

ഗിരീഷിന് സഹായവുമായി കൂടുതൽ കരങ്ങൾ


ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 25,000 രൂപ നൽകി
ചിറ്റൂർ: വൈദ്യുതലൈനിലെ പണിക്കിടെ ഷോക്കേറ്റ് വീണ് നട്ടെല്ല് തകർന്ന്‌ അഞ്ചുവർഷമായി ദുരിതക്കിടക്കയിൽ കഴിയുന്ന കെ. ഗിരീഷിനും, കൂട്ടിരിക്കുന്ന അമ്മ ചിന്നയ്ക്കും സഹായവുമായി കൂടുതൽപേരെത്തുന്നു. പാലക്കാട് ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സാമ്പത്തികസഹായവുമായെത്തിയത്. 
സ്കൂൾ മാനേജ്‌മെന്റും, സീഡ് ക്ലബ്ബും ചേർന്ന് സമാഹരിച്ചെടുത്ത 25,000 രൂപ വിദ്യാർഥികളും അധ്യാപകരുംചേർന്ന് ശനിയാഴ്ച ഗിരീഷിന്റെ വീട്ടിലെത്തി കൈമാറി. സീഡ് കോ-ഓർഡിനേറ്റർ കെ. സുരേഷ്, അധ്യാപിക സജ്‌ന എന്നിവരും പങ്കെടുത്തു. മാതൃഭൂമി 11-ന് നൽകിയിരുന്ന വാർത്തയാണ് ഗിരീഷിനും അമ്മയ്ക്കും താങ്ങായത്. 
‘അമ്മയുടെ മനസ്സിലുണ്ട് മകൻ നടക്കുമെന്ന സ്വപ്നം’ എന്ന തലക്കെട്ടോടെ നൽകിയ വാർത്ത കണ്ട് നിരവധി വായനക്കാരാണ് സാമ്പത്തികസഹായവുമായി എത്തുന്നത്. ഇതുവരെ നേരിട്ട് നൽകുന്ന തുക കൂടാതെ ഗിരീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്കുമാത്രം 67,000 രൂപയിലധികം വായനക്കാർ നൽകി. 
2013-ലാണ് കെ.എസ്.ഇ.ബി. കരാർത്തൊഴിലാളിയായിരുന്ന ഗിരീഷിന് കൊല്ലങ്കോട് വൈദ്യുതവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റത്. 
തൂണിൽനിന്ന് വീണ്‌ നട്ടെല്ല് തകർന്ന് കിടപ്പിലായതോടെ കുടുംബ വരുമാനം നിലച്ചു. അഞ്ചുവർഷമായി അനങ്ങാനാവാതെ കിടക്കുന്ന മുതലമട സ്വദേശിയായ ഈ മുപ്പതുകാരന് ഇന്ന് 65-കാരിയായ അമ്മ മാത്രമാണ് കൂട്ട്. 
തുടർച്ചയായി ഫിസിയോതെറാപ്പി ചെയ്താൽ തിരികെ വരാനാകുമെന്ന് പ്രതീക്ഷിക്കുന്ന ഗിരീഷിന് പക്ഷെ അതിനുള്ള സാമ്പത്തികശേഷിയില്ല. 
ഇനിയും കൂടുതൽ സുമനസ്സുകളെത്തിയാൽ ഒരുപക്ഷെ അതിന് സാധിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകനും. ഗിരീഷ് എസ്.ബി.ഐ. മുതലമട ശാഖയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 32576054963. ഐ.എഫ്.എസ്.സി. -SBIN0011928. ഫോൺ: 9496572553.

January 31
12:53 2018

Write a Comment

Related News