reporter News

ലോകകപ്പും ഫ്ളക്‌സ് ബോർഡ് പ്രളയവും

ചാരുംമൂട്: വളരെ ആശങ്കയോടെയാണിത് എഴുതുന്നത്. സാധാരണയായി മികവുകളെ ആദരിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ ഫ്ളക്‌സ് ബോർഡുകളും തുണി ബാനറുകളും സ്ഥാപിക്കാറുണ്ട്.
എന്നാൽ, ലോകകപ്പിന് തുടക്കമായതുമുതൽ കേരളമാകെ ഫ്ളക്‌സുകളുടെ പ്രളയമാണ്. ഇങ്ങനെ പ്രകൃതിക്ക് ദോഷമായ ഫ്ളക്‌സുകൾ സ്ഥാപിക്കുന്നതുകൊണ്ട് ലോകകപ്പിൽ എന്തുഗുണമാണ് നമുക്ക് ഉണ്ടാവുക. ലോകകപ്പിൽ പങ്കെടുക്കുന്ന ഏതെങ്കിലും രാജ്യത്തിന് ഇതുകൊണ്ട് നേട്ടം ഉണ്ടാകുമോ.
ലോക ഫുട്‌ബോളിലെ താരരാജാക്കൻമാരായ മെസ്സിയോ, റൊണാൾഡോയോ നമ്മൾ കേരളത്തിൽ സ്ഥാപിക്കുന്ന ഫ്ളക്‌സുകളുടെ ആവേശം ഉൾക്കൊണ്ട് കൂടുതൽ ഗോളുകൾ നേടുമോ. ആലപ്പുഴ ജില്ലയുടെ മുക്കിനും മൂലക്കും നിറയെ ഫ്ളക്‌സുകൾ ആണ്. അവ കേരളമാകെ മണ്ണിനേയും വായുവിനേയും ശ്വാസം മുട്ടിച്ചുകൊണ്ട് നിറഞ്ഞുനിൽക്കുന്നു.   ഇത്തരത്തിൽ ഒരുനേട്ടവും ഇല്ലാതെ ഭൂമിക്ക് ഭാരമായി ഫ്ളക്‌സുകൾ ഇറക്കുന്നതിനെ തടയേണ്ടതുണ്ട്. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ശ്രദ്ധ ഉണ്ടാവണം. ശരിയായ ബോധവത്കരണത്തിലൂടെ ഇത്തരം പ്രവർത്തനങ്ങളെ ബന്ധപ്പെട്ട അധികാരികൾ നിയന്ത്രിക്കുകതന്നെ വേണം. സർക്കാർ തന്നെ ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കി പരിസ്ഥിതി സംരക്ഷണരംഗത്ത് വലിയ ചുവടുവയ്പ് നടത്തുമ്പോൾ, നമുക്കും അണിചേരാം.    

ആർ.എസ്.അദ്വൈത്, 
സീഡ് റിപ്പോർട്ടർ, 
വി.വി.എച്ച്.എസ്.എസ്., 
താമരക്കുളം   

June 22
12:53 2018

Write a Comment