SEED News

നാളേക്കായി വിത്തിട്ട് വീയപുരത്ത് വനമഹോത്സവത്തിന് തുടക്കം

ഹരിപ്പാട്: ഫലവൃക്ഷങ്ങളുടെ വിത്ത് നട്ടുപിടിപ്പിച്ച് വീയപുരത്ത് വനമഹോത്സവത്തിന് തുടക്കമായി. ജില്ലയിലെ ഏക സംരക്ഷിതവനമായ വീയപുരത്തെ സർക്കാർ തടിഡിപ്പോയിലായിരുന്നു ആഘോഷം. വീയപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി- സീഡ് ക്ലബ്ബ്‌ അംഗങ്ങളും ജൂനിയർ റെഡ്‌ക്രോസും ഗൈഡ്‌സ് അംഗങ്ങളും ചേർന്ന് പ്രകടനമായാണ് തടിഡിപ്പോയിലെത്തിയത്. 
നൂറ്റാണ്ടുകളുടെ പഴക്കമുള്ള വൻവൃക്ഷങ്ങൾ തണൽവിരിക്കുന്ന തടിഡിപ്പോയിൽ, ഏറെ സ്ഥലം വെറുതേ കിടക്കുന്നുണ്ട്. ഇവിടെ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഫലവൃക്ഷങ്ങളുടെ വിത്തുകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്.
 കശുമാവ്, പ്ലാവ്, പേര, മുട്ടപ്പഴം, ആഞ്ഞിലി, മാവ് തുടങ്ങിയവയുടെ വിത്തുകളാണ് നട്ടത്. രാജഭരണകാലത്ത് രൂപപ്പെട്ടതാണ് വീയപുരത്തെ തടിഡിപ്പോ. പമ്പ, അച്ചൻകോവിൽ ആറുകൾ സംഗമിക്കുന്നത് ഡിപ്പോയ്ക്ക് സമീപം മുട്ടേൽ കടവിലാണ്. കിഴക്കൻ വെള്ളത്തിൽ ഒഴുകിയെത്തുന്ന വലിയമരങ്ങൾ നാട്ടുകാർ കരയ്ക്ക് കയറ്റാറുണ്ടായിരുന്നു. പിന്നീട്, ഇത് വലിയ കച്ചവടമായി വളർന്നു. വിവരമറിഞ്ഞ രാജപ്രതിനിധികളാണ് വീയപുരത്ത് തടിഡിപ്പോ തുറക്കുന്നത്. പിന്നീട്, സർക്കാരിന്റെ ചുമതലയിലായി.15 ഏക്കറിലധികം വിസ്തൃയുള്ള തടിഡിപ്പോ ഉൾപ്പെടുന്ന ഭാഗം ജില്ലയിലെ ഏക സംരക്ഷിത വനമേഖലയാക്കാനുള്ള പരിശ്രമം നടക്കുന്നു. വീയപുരം തടിഡിപ്പോയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹെഡ്മിസ്ട്രസ് ഡി.ഷൈനി പറഞ്ഞു. വനമഹോത്സവത്തിന്റെ സമാപനദിനമായ ശനിയാഴ്ച തടിഡിപ്പോയിൽ വനസംരക്ഷണ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും നടത്തും. പി.ടി.എ. പ്രസിഡന്റ് സി.പ്രസാദ്, ഡിപ്പോ ഓഫീസർ വി.എസ്.സുഹൈബ്, വാച്ചർ ബിജി സദാശിവൻ, അധ്യാപകരായ പി.എസ്. സിന്ധുകുമാരി, എസ്.ശ്രീദേവി, പി. മിനിമോൾ, ബി.ഷൈനി, ഡിഡ് വിൻ ലോറൻസ്, സുജ തുടങ്ങിയവർ പങ്കെടുത്തു.

July 05
12:53 2018

Write a Comment

Related News