SEED News

പ്ലാസ്റ്റിക്കിനോട് വിട; വിത്ത് കിളിർപ്പിക്കാൻ ഇനി ചാണകപ്പന്ത്

മാന്നാർ: തൈകൾ പ്ലാസ്റ്റിക് കവറുകളിൽ കിളിർപ്പിച്ചെടുത്ത്‌ നടുന്ന രീതി ഇനി മറക്കാം. വിത്തുകൾ കിളിർപ്പിക്കാൻ ചാണകവും മണ്ണും ചേർത്തുണ്ടാക്കിയ പന്ത്‌ മതി.  ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ സീഡ് വിദ്യാർഥികളാണ് സീഡ് ബോൾ എന്ന പേരിൽ പുതിയൊരു സംരംഭവുമായി രംഗത്തെത്തിയത്. 
പശയുള്ള മണ്ണും ചാണകവും ഗോമൂത്രവും 3: 1: 1 എന്ന അനുപാതത്തിൽ കുഴച്ചെടുത്തശേഷം അതിനുള്ളിൽ മരങ്ങളുടെ വിത്ത് നിക്ഷേപിച്ച് പന്തിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കും. ഇവ പിന്നീട് വെയിലത്ത് ഇട്ട് ഉണക്കിയെടുത്ത് മണ്ണിൽ കുഴിച്ചിടും. കാലാവസ്ഥ അനുയോജ്യമാകുന്ന മുറയ്ക്ക് ഇവ കിളിർത്തുവരും.
കർണാടകയിലെ ഷിമോഗ നവോദയവിദ്യാലയത്തിലെ പൂർവ വിദ്യാർഥിയായിരുന്ന കാർത്തിക്കിന്റെ ആശയമാണ് ചെന്നിത്തല നവോദയ വിദ്യാലയത്തിലെ സീഡ് വിദ്യാർഥികൾ പ്രാവർത്തികമാക്കിയത്. വിത്തുകൾ കേടുകൂടാതെ കാലങ്ങളോളം ഇരിക്കും എന്നാണ് ഇതിന്റെ പ്രത്യേകത. 
ഒരുമാസം കൊണ്ട് പതിനായിരത്തോളം സീഡ് ബോളുകൾ വിദ്യാർഥികൾ ഉണ്ടാക്കിക്കഴിഞ്ഞു. ഇത് ഉണങ്ങുന്ന മുറയ്ക്ക് സ്‌കൂൾ വളപ്പിലും മറ്റ് തുറസ്സായ പ്രദേശങ്ങളിലും നടും. പ്ലാവ്, മാവ്, പറങ്കിമാവ് എന്നിവയുടെ വിത്തുകൾ ഉപയോഗിച്ചാണ് ആദ്യഘട്ടനിർമാണം. ചില പച്ചക്കറി വിത്തുകളും ഉപയോഗിച്ചിട്ടുണ്ട്. 
നഴ്‌സറിയിൽനിന്നും മറ്റും വാങ്ങുന്ന തൈകൾ പ്ലാസ്റ്റിക് കവറിലിട്ടുതന്നെ മണ്ണിൽ കുഴിച്ചിടുന്ന പ്രവണത ഒഴിവാക്കി പരിസ്ഥിതി സൗഹൃദകരമായ രീതിയിൽ തൈകൾ നടുന്നതുവഴി പ്ലാസ്റ്റിക്കിനെ അകറ്റി നിർത്താൻ സാധിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. പ്രിൻസിപ്പൽ പി.വിക്രമൻനായർ, സീഡ് കോ-ഓർഡിനേറ്റർ എസ്.ശ്രീകല, പദ്ധതി കോ-ഓർഡിനേറ്റർ വി.എസ്.സജികുമാർ എന്നിവർ വിദ്യാർഥികൾക്കുവേണ്ട നിർദേശം നൽകിവരുന്നു.

July 15
12:53 2018

Write a Comment

Related News