SEED News

അനുഭവങ്ങൾ പറഞ്ഞും അറിവ് പങ്കിട്ടും സീഡ് ശില്പശാല

കാഞ്ഞങ്ങാട്: പ്രകൃതിയെ പുൽകിയും പരിസ്ഥിതി ബോധത്തെ പ്രകാശിപ്പിച്ചും നടത്തിയ കഴിഞ്ഞകാല പ്രവർത്തനങ്ങളെ പരസ്പരം പറഞ്ഞും പുതിയ അറിവുകൾ സമ്പാദിച്ചും മാതൃഭൂമി സീഡിന്റെ അധ്യാപക ശില്പശാല.പത്താംവർഷത്തിലേക്കുള്ള സീഡിന്റെ മുന്നേറ്റത്തിന് കൂടുതൽ കുതിപ്പുണ്ടാക്കാൻ, സീഡിന്റെ കോർഡിനേറ്റർമാരായ അധ്യാപകരുടെ  പ്രതിജ്ഞയെടുക്കൽ കൂടിയായി കാഞ്ഞങ്ങാട്ടു നടന്ന വിദ്യാഭ്യാസ ജില്ലാ തല ശില്പശാല.പോരാടാം പ്ലാസ്റ്റിക്ക് വിപത്തിനെതിരെ എന്ന ഇത്തവണത്തെ സന്ദേശത്തെ മുറുകെ പിടിച്ച്  സീഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന അധ്യാപകരുട കനപ്പെട്ട സ്വരത്തിനും ശില്പശാല സാക്ഷിയായി.കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.വി.പുഷ്പ ഉദ്ഘാടനം ചെയ്തു.ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കെ.പി.സുരേന്ദ്രന് സീഡിന്റെ പത്തുവർഷങ്ങളുടെ പ്രതീകമെന്നോണം പത്തുതരത്തിലുള്ള പഴങ്ങൾ കൈമാറിയായിരുന്നു ഉദ്ഘാടനം.വിദ്യാർഥികൾക്കും പ്രകൃതിക്കുമിടയിലുള്ള അകലമില്ലാതാക്കിയ ഒമ്പതുവർഷമാണ് കടന്നുപോയതെന്ന് പുഷ്പടീച്ചർ പറഞ്ഞു.ഇത്രയും വർഷത്തെ പ്രവർത്തനങ്ങളുടെ പിന്നാലെ ചെന്നുള്ള അന്വേഷണം നടത്തിയാൽ നന്മയുള്ള സമൂഹത്തെ വാർത്തെടുക്കാൻ സീഡ് നിർവഹിച്ച പങ്ക് എത്രത്തോളമെന്ന് ബോധ്യപ്പെടും.പ്രകൃതിയെ തൊട്ടറിയാനല്ല,പ്രകൃതിയുടെ ആഴത്തിലേക്കിറങ്ങാനാണ് സീഡ് നമ്മെ പഠിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഫെഡറൽബാങ്ക് കാഞ്ഞങ്ങാട് ക്ലസ്റ്റർ ഹെഡ് അബ്ദുൾറഷീദ്,ഹരിതകേരളമിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ,വനംവകുപ്പിലെ സെക്ഷൻ ഓഫീസർ ടി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ സ്വാഗതവും സീഡ് എക്സിക്കുട്ടിവ് ഇ.വി.ശ്രീജ നന്ദിയും പറഞ്ഞു.തുടർന്ന് സീഡ് കോർഡിനേറ്ററും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറുമായ സി.സുനിൽകുമാർ ക്ലാസെടുത്തു.ക്ലാസ്മുറികൾക്ക് പുറത്ത് പാഠ്യേതരപ്രവർത്തനങ്ങളിലെല്ലാം ഒഴിച്ചുകൂടാനാകത്തത്രയും അടുപ്പത്തിലേക്ക് 'സീഡ്' ചേർന്നു നിന്നതിന്റെ അനുഭവങ്ങൾ പങ്കിട്ടാണ് അധ്യാപകർ പിരിഞ്ഞത്

July 24
12:53 2018

Write a Comment

Related News