SEED News

പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിച്ച് കൂട്ടാർ എസ്.എൻ.എൽ.പി.സ്‌കൂളിലെ കുട്ടികൾ

നെടുങ്കണ്ടം:  പ്ലാസ്റ്റിക് മാലിന്യം കൂട്ടാർ എസ്.എൻ.എൽ.പി.സ്‌കൂളിലെ കുട്ടികൾ പ്രകൃതിയിലേക്ക് വലിച്ചെറിയാറില്ല. സ്‌കൂളിലും, വീട്ടിലും അതിന് ആരെയും അവർ അനുവദിക്കുകയുമില്ല. 'മാതൃഭൂമി' സീഡിന്റെ 'ലവ് പ്ലാസ്റ്റിക്ക്' പദ്ധതിയെ നെഞ്ചിലേറ്റി അത് എങ്ങനെ ചെയ്യണമെന്ന് മറ്റുള്ളുവർക്ക് കാട്ടികൊടുക്കുകയാണ് കൂട്ടാർ സ്‌കൂളിലെ കുരുന്നുകൾ.

കൂട്ടാർ എസ്.എൻ.എൽ.പി.സ്‌കൂളിലെ സീഡ് ക്ലബിന്റെ പ്രവർത്തനമാണ് കുട്ടികളിൽ ഇത്തരത്തിലൊരു ശീലം വളർത്തിയത്. ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിനെ മാലിന്യ മുക്തമാക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ശേഖരിച്ച് തുടങ്ങി. തുടർന്ന് പ്രവർത്തനങ്ങൾ കുട്ടികൾ  കഴിഞ്ഞവർഷം മുതൽ വീടുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ തങ്ങളുടെ സ്വന്തം വീടുകളിലെയും, അടുത്ത വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യം കുട്ടികൾ ശേഖരിച്ച് സ്‌കൂളിൽ എത്തിക്കും. അവ സ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ റീസൈക്ലിങ് പ്ലാന്റിലേക്ക് അയക്കുകയും ചെയ്യുന്നു. 

എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള സ്‌കൂളിൽ എല്ലാ ക്ലാസുകളിലും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേകം സംവിധാനമുണ്ട്. വീടുകളിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി, വെയിലിൽ ഉണക്കിയാണ് കുട്ടികൾ സ്‌കൂളിൽ എത്തിക്കുന്നത്. സ്‌കൂൾ പാചക പുരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതേരീതിയിലാണ് സംസ്‌കരിക്കുന്നത്. ഈ അധ്യയന വർഷം സ്‌കൂൾ തുറന്ന് ഒന്നര മാസം പിന്നിട്ടപ്പോൾ തന്നെ 50 കിലോയോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുട്ടികൾ സ്‌കൂളിൽ എത്തിച്ചുകഴിഞ്ഞു. രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും പൂർണ്ണമായ സഹകരണത്തോടെയാണ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്.

സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം കുട്ടികളിലൂടെ രക്ഷിതാക്കൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തിരുന്നു. 'ക്ലീൻ കൂട്ടാർ' പദ്ധതിയുമായി ബന്ധപ്പെട്ട് കൂട്ടാർ ടൗണിലെ വ്യാപാരികൾക്ക് ബോധവത്കരണവും നൽകിയിരുന്നു. സ്‌കൂളിലെ സീഡ് ക്ലബിന് വേണ്ട നിർദേശങ്ങൾ നൽകി സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില.എസ്.മോഹൻ കുട്ടികൾക്ക് എല്ലാ പിൻതുണയും നൽകി ഒപ്പമുണ്ട്. 

July 25
12:53 2018

Write a Comment

Related News