SEED News

പരിസ്ഥിതി സംരക്ഷണത്തിന് അദ്ധ്യാപകര്‍ മാര്‍ഗ്ഗദര്‍ശനം നല്കണം-ഡി.ഇ.ഒ

മാതൃഭൂമി സീഡ് അദ്ധ്യാപക ശില്പശാല നടത്തി
കോഴിക്കോട്:  പരിസ്ഥിതി സംരക്ഷണത്തിന് അദ്ധ്യാപകര്‍  മാര്‍ഗ്ഗദര്‍ശനം നല്കണമെന്നും വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തണമെന്നും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.മുരളി ആവശ്യപ്പെട്ടു. ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അദ്ധ്യാപകര്‍ക്കായി നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അനുദിനം സമൂഹം തിരിച്ചറിയുകയാണ്. പ്രളയവും മഹാമാരിയും നമ്മെ കീഴടക്കുമ്പോള്‍ മാത്രം ഇതെക്കുറിച്ച് ചിന്തിച്ചാല്‍ പോര. പ്രകൃതിയെ കരുതലോടെ കാക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ മാതൃഭൂമി പതിറ്റേണ്ടിലേറെയായി സീഡ് പദ്ധതിയിലൂടെ നടത്തുന്ന പ്രയത്‌നം ശ്ലാഘനീയമാണ്. പത്തു വര്‍ഷത്തിനിടെ എട്ടുലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടതും അവയെ സംരക്ഷിച്ചതും ചെറിയ കാര്യമല്ല. നവകേരള സൃഷ്ടിക്കും കാര്‍ഷിക പുരോഗതിക്കും പങ്കാളികളാവാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്ന് ഡി.ഇ.ഒ. പറഞ്ഞു.
 കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം നിയന്ത്രിക്കാന്‍ ലോകം പ്രോട്ടോക്കോള്‍ ഉണ്ടാക്കിയിട്ടും അന്തരീക്ഷമലിനീകരണം തടയാന്‍ ഉദ്ദേശിച്ചവിധം കഴിയാത്തത് ആശങ്കാജനകമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അലന്‍ കെ. വര്‍ഗീസ് പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഇന്നോളം സാമൂഹ്യസേവനം തുടരുന്ന മാതൃഭൂമിയും 1250 ശാഖകളുള്ള ഫെഡറല്‍ ബാങ്കും സംയുക്തമായി നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോട് അദ്ധ്യാപകര്‍ സഹകരിക്കുന്നത് സന്തോഷകരമാണ്. നമ്മുടെ നാടിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ പ്രേരണയാവുന്ന മാതൃഭൂമി സീഡ് പദ്ധതി പുതുതലമുറയ്ക്ക് പാരിസ്ഥിതിക ദിശാബോധം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 മാതൃഭൂമി കോഴിക്കോട് റീജിയണല്‍ മാനേജര്‍ സി. മണികണ്ഠന്‍ സ്വാഗതവും സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യുട്ടീവ് എസ്. രാമാനന്ദ് നന്ദിയും പറഞ്ഞു. കെ.കെ.ഷനിത്ത് ക്ലാസ്സെടുത്തു. നൂറിലേറെ അദ്ധ്യാപകര്‍ പങ്കെടുത്തു.


July 28
12:53 2019

Write a Comment

Related News