SEED News

ക്ഷേത്രവളപ്പിൽ ജമന്തികൾ പൂത്തു, പച്ചക്കറികൾ വിളഞ്ഞു

കരുനാഗപ്പള്ളി : സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ പരിചരണത്തിൽ ക്ഷേത്രവളപ്പിൽ ജമന്തികൾ പൂത്തു. പച്ചക്കറികൾ നൂറുമേനി വിളഞ്ഞു. കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർക്ഷേത്രവളപ്പിലാണ് പൂക്കളും പച്ചക്കറികളും കൃഷി ചെയ്തത്.

ഹരിതകേരളം മിഷന്റെ പച്ചവിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേേത്രാപദേശകസമിതിയും നഗരസഭയും കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബും കൃഷിഭവനും സംയുക്തമായാണ് കൃഷിയിറക്കിയത്. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിലമൊരുക്കൽ. തരിശുകിടന്ന ഒരേക്കറോളം സ്ഥലത്തായിരുന്നു കൃഷി.

വഴുതന, വെണ്ട, പാവൽ, കരനെല്ല്, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ജമന്തിയും അരളിയുമാണ് കൃഷിചെയ്തത്.

കരുനാഗപ്പള്ളി ഗവ. മോഡൽ ഗവ. എച്ച്.എസ്.എസിലെ ഹരിതജ്യോതി സീഡ് ക്ലബ്ബിലെ വിദ്യാർഥികൾക്കായിരുന്നു പരിപാലനച്ചുമതല. പച്ചക്കറിയിൽ നൂറുമേനി വിളവ് ലഭിച്ചു. ജമന്തിച്ചെടികളും നിറയെ പൂത്തു. പൂക്കൾ ക്ഷേത്രത്തിൽ ഉപയോഗിക്കും.

ആർ.രാമചന്ദ്രൻ എം.എൽ.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എം.ശോഭന, ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ള, ഉപദേശകസമിതി പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രൻ പിള്ള, കൃഷി ഓഫീസർ ബിനീഷ്, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഐസക്, കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ, രേശ്മ, അമൃതരാജൻ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.

October 12
12:53 2019

Write a Comment

Related News