SEED News

മാതൃഭൂമി സീഡ് തൂവൽ സ്പർശം

മട്ടാഞ്ചേരി: അങ്ങാടിക്കുരുവികൾക്ക് കൂടുകളൊരുക്കി പനയപ്പിള്ളി എം.എം.ഒ.വി. എച്ച്.എസ്.സ്കൂളിലെ കുട്ടിക്കൂട്ടം ശ്രദ്ധ നേടുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കീഴിലുള്ള ‘തൂവൽസ്പർശം’ എന്ന കൊച്ചു പക്ഷിനിരീക്ഷക ടീമിന്റെ പ്രവർത്തനങ്ങൾ ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത് പുതിയ പാഠമാണ്. പ്രകൃതിസ്നേഹികളുടെ ഈ കുട്ടിക്കൂട്ടായ്മ രൂപം കൊണ്ടിട്ട് 10 വർഷം തികയുന്നു.

പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ നടന്ന ഒരു ക്ലാസിൽ നിന്നാണ് ‘തൂവൽസ്പർശം’ പിറവിയെടുത്തത്. പ്രദേശത്ത്‌ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ‘അങ്ങാടിക്കുരുവികൾ’ക്ക് കൂടൊരുക്കിക്കൊണ്ട് ‘ദി ഫാൾ ഓഫ് എ സ്പാരോ’ എന്ന പ്രോജക്ടിലൂടെയാണ് ടീമംഗങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
കുട്ടികൾ പനയപ്പിള്ളി പ്രദേശത്ത്‌ സർവേ, ബോധവത്‌കരണം, കുരുവികൾക്ക്‌ കൂട് സ്ഥാപിക്കൽ എന്നിവ നടത്തി... ഈ പ്രോജക്ട് ഇന്നും തുടരുന്നു.

‘തൂവൽസ്പർശം’ ടീമിൽ 20 അംഗങ്ങളാണുള്ളത്‌. അഭിരുചി പരീക്ഷകളിലൂടെയാണ് ഓരോ വർഷവും അംഗങ്ങളെ തിരഞ്ഞെടുക്കുക. കുട്ടികൾക്ക് പക്ഷിനിരീക്ഷണം, സംരക്ഷണം എന്നിവയെക്കുറിച്ച് ക്ലാസും നൽകുന്നു. അതിനുശേഷം പക്ഷിനിരീക്ഷണത്തിനായി ‘ഫീൽഡ് ട്രിപ്പ്’ കൊണ്ടുപോകുന്നു.

കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളും പക്ഷിനിരീക്ഷകരുമായ ഡോക്ടർ മുസ്തഫ, ബേസിൽ പീറ്റർ (വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ), ഫിറോസ് എന്നിവരാണ് ക്ലാസുകൾ നൽകുന്നതും ഫീൽഡ് ട്രിപ്പ് നയിക്കുന്നതും. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോക്ടർ സലിം അലിയോടുള്ള ആദരസൂചകമായി നവംബർ മാസങ്ങളിലാണ് എല്ലാ വർഷവും ഫീൽഡ് ട്രിപ്പ്.

കളത്തറ, ചെങ്ങരം, കണ്ടക്കടവ് ഭാഗങ്ങളിലേക്കുള്ള പ്രഭാതയാത്രകളും ക്ലാസുകളും കുട്ടികൾക്ക് വേറിട്ട അനുഭവം തന്നെയാണ്. ഓരോ ട്രിപ്പിലും ബൈനോക്കുലറുകളുടെ സഹായത്തോടെ മുപ്പതിലേറെ പക്ഷികളുടെ സവിശേഷതകൾ തിരിച്ചറിയാൻ കുട്ടികൾ പഠിക്കുന്നു.

വേനൽകാലമാകുന്നതോടെ പക്ഷികൾക്ക് ദാഹജലം ഒരുക്കുന്നു. കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി സ്കൂൾ മാനേജ്‌മെന്റും പി.ടി. എ.യും കൂടെയുണ്ട്.


November 09
12:53 2019

Write a Comment

Related News