SEED News

പ്ളാസ്റ്റിക്മാലിന്യ രഹിത ഇല്ലിത്തോട് ഗ്രാമം’

കാലടി: ഇല്ലിത്തോട് ഗവ. യു.പി. സ്കൂളിലെ ‘മാതൃഭൂമി സീഡ് ക്ളബ്ബ്’ അംഗങ്ങൾ ‘പ്ളാസ്റ്റിക്മാലിന്യ രഹിത ഇല്ലിത്തോട് ഗ്രാമം’ എന്ന ലക്ഷ്യത്തിനായി നടപ്പാക്കിവരുന്ന ‘ലൗ പ്ളാസ്റ്റിക്’ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ആദ്യഘട്ടത്തിൽ തങ്ങളുടെ വിദ്യാലയവും വീടുകളും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ‘ലൗ പ്ളാസ്റ്റിക് ബാഗു’കളിൽ തരംതിരിച്ച് പ്ളാസ്റ്റിക്‌ ശേഖരിച്ചു. രണ്ടാംഘട്ടത്തിൽ വിനോദസഞ്ചാര കേന്ദ്രമായ മഹാഗണിത്തോട്ടത്തിലും വനംവകുപ്പിന്റെ സഹകരണത്തോടെ ഇത് നടപ്പാക്കിവരുന്നുണ്ട്. മാത്രമല്ല, ഇവിടെ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണ സന്ദേശം അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും ബാനറുകളും ഫോട്ടോ ഗാലറിയും സ്ഥാപിക്കുകയും ചെയ്തു.

ഇല്ലിത്തോട് വനമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റോഡിനിരുവശവും പ്ളാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് തടയുകയാണ് മൂന്നാംഘട്ട പ്രവർത്തനത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി റോഡിന്റെ വശങ്ങളിൽ ബാനറുകൾ സ്ഥാപിച്ചു. നിലവിലുള്ള മാലിന്യങ്ങൾ നീക്കാൻ ശുചീകരണ പ്രവൃത്തിയും തുടങ്ങി.

മൂന്നാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനച്ചടങ്ങിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. സുനിൽകുമാർ, വനം സംരക്ഷണ സമിതി സെക്രട്ടറി ലൈബിൻ, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തംഗങ്ങളായ ആതിര ദിലീപ്, സജീവ് ചന്ദ്രൻ, ഹെഡ്മാസ്റ്റർ ജെയ്‌മോൻ ജോസഫ്, പി.ടി.എ. പ്രസിഡന്റ് കെ.ജെ. സതീഷ്, എം.പി.ടി.എ. പ്രസിഡന്റ് മായ കൃഷ്ണൻ, എസ്.എം.സി. ചെയർപേഴ്‌സൺ ജിംസി അഷറഫ്, അധ്യാപകരായ കെ.കെ. ബിന്ദു, റീന വർഗീസ്, രമ്യ നന്ദനൻ, എം.എസ്. ശ്രീജ, എം.കെ. ഷാലിന തുടങ്ങിയവരും പി.ടി.എ. ഭാരവാഹികളും വിദ്യാർഥികളും പങ്കെടുത്തു

November 09
12:53 2019

Write a Comment

Related News