SEED News

സ്‌കൂളിൽ വിദ്യാർഥികൾക്ക് ഇനി തനി നാടൻ ചേമ്പ് കറിയും

പൂച്ചാക്കൽ: സ്‌കൂൾവളപ്പിൽ കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ നടത്തിയ ചേമ്പ് കൃഷി വിജയമായി. പാണാവള്ളി എം.എ.എം.എൽ.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചേമ്പ് കൃഷി നടത്തിയത്. അധ്യയനത്തിന് കോട്ടംതട്ടാതെ ഇടവേളകളിലാണ് കുട്ടികൾ പൂർണമായും ജൈവകൃഷിരീതികൾ ഉപയോഗിച്ച് കൃഷി ചെയ്തത്.25 സെന്റ് പുരയിടത്തിൽനിന്ന് 200 കിലോ ഗ്രാം ചേമ്പ് വിളവായി ലഭിച്ചു. കരപ്പുറം പ്രദേശങ്ങളിൽ ചേമ്പ്, ചേന, കിഴങ്ങ്, കാച്ചിൽ തുടങ്ങിയ കൃഷിരീതികൾ പതിവുണ്ട്. എന്നാൽ,  ഇത്തരം കൃഷി നാട്ടിൽ കുറഞ്ഞ് വരികയാണ്. ഈ സാഹചര്യത്തിൽ പാണാവള്ളി എം.എ.എം. എൽ.പി. സ്‌കൂളിലെ ചേമ്പ് കൃഷി ശ്രദ്ധേയമായി.
പാണാവള്ളി കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി ചെയ്തത്. സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഇനി യാതൊരു കൃത്രിമത്വവും കലരാത്ത ചേമ്പ് കറിയും സ്ഥാനം പിടിക്കും. ഒരു വിധത്തിലുള്ള രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെ കൃഷി ചെയ്ത തനി നാടൻ ചേമ്പ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്.
സ്‌കൂൾ മാനേജർ ഫാ.ജോമോൻ ശങ്കുരിക്കൽ, പ്രഥമാധ്യാപിക സിസ്റ്റർ സജിത, പൂർവ വിദ്യാർഥിയും കർഷകനുമായ ജോൺ കൊഴുവത്തറ, സീഡ് കോ-ഓർഡിനേറ്റർമാരായ ലിസി.കെ.ടി., നിഷാ ജോസഫ്, വിദ്യാർഥികളായ അനഘ രവികുമാർ, ജോഷ്‌വ, മേഘ്‌ന, അനന്യാ ഷാജി തുടങ്ങിയവർ കൃഷി കാര്യങ്ങൾക്ക് നേതൃത്വം നൽകി. സ്‌കൂളിൽ വാഴക്കൃഷി, പച്ചക്കറിക്കൃഷി തുടങ്ങിയവയും നല്ല രീതിയിൽ നടത്തുന്നുണ്ട്.

December 05
12:53 2019

Write a Comment

Related News