SEED News

മാതൃഭൂമി വിദ്യാർഥികളെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു- എ.എം.ആരിഫ്

ആലപ്പുഴ: പുതുതലമുറയിലെ വിദ്യാർഥികളെ പ്രകൃതിയുടെ മടിയിലേക്ക് എത്തിക്കുന്നതിന് സീഡ് പദ്ധതിയിലൂടെ മാതൃഭൂമി വഹിച്ച പങ്ക് ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്ന് എ.എം.ആരിഫ് എം.പി. സീഡ് ഹരിതവിദ്യാലയം അവാർഡ് 2018-19-ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയതലമുറ പ്രകൃതിയോട് ചെയ്ത നന്മയുടെ ഫലമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്. വരും തലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഇന്നത്തെ തലമുറ പ്രകൃതിയെ കൂടുതൽ സംരക്ഷിക്കണം. അഴുക്ക് പറ്റാതെ നടക്കാൻ ശ്രമിക്കുന്ന സമൂഹത്തോട് ശാസ്ത്രജ്ഞർപോലും പറയുന്നത് കുട്ടികളിൽ അഴുക്ക് പുരളട്ടെ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് മണ്ണിലിറങ്ങുന്നതിനുള്ള വേദിയാണ് ഇതിലൂടെ ലഭിക്കുന്നത്. സീഡ് നൽകിയിട്ടുള്ള ഇടപെടലിന്റെ ഫലമായി പല കുട്ടികളും സ്വന്തമായി കൃഷി ചെയ്യുന്നതിനും പ്രാപ്തരായിട്ടുണ്ടെന്നും എം.പി. പറഞ്ഞു. എസ്.ഡി.വി. സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ആനന്ദകുമാർ, എ.ഇ.ഒ. പി. സുരേഷ് ബാബു, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.അനിത, എസ്.ഡി.വി. ഗേൾസ് എച്ച്.എസ്. പ്രഥമാധ്യാപിക ആർ.ജയശ്രീ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്. സേവ്യർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, ഡെപ്യൂട്ടി സർക്കുലേഷൻ മാനേജർ വരുൺ ഹരി എന്നിവർ സംസാരിച്ചു. 25 ലക്ഷം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്തത്.

December 17
12:53 2019

Write a Comment

Related News