SEED News

സീസൺവാച്ച്

ബെംഗളൂരു: വൃക്ഷങ്ങളെ നിരീക്ഷിച്ചും പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുമാണ് അവർ ഒത്തുകൂടിയത്. പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കണ്ടെത്തലുകളും അവതരിപ്പിച്ചും പുതിയ അറിവുകൾ ശേഖരിച്ചും വ്യത്യസ്തമായ അനുഭവമായി മാറുകയായിരുന്നു ആ കൂടിച്ചേരൽ. വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ‘മാതൃഭൂമി’ സീഡ് -സീസൺവാച്ച് പദ്ധതിക്ക് നേതൃത്വം നൽകുന്ന അധ്യാപകരാണ് ബെംഗളൂരുവിലെ ദേവനഹള്ളിയിലെ സ്കൂൾ ഓഫ് ആൻഷ്യന്റ് വിസ്ഡം കേന്ദ്രത്തിൽ നടന്ന ദ്വിദിന ക്യാമ്പിൽ ഒത്തുചേർന്നത്.

വിപ്രോ, നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ(എൻ.സി. എഫ്.), മാതൃഭൂമി ‘സീഡ്’ എന്നിവചേർന്നാണ് വിദ്യാലയങ്ങളിൽ ‘നേച്ചർവാച്ച്’ പദ്ധതി നടപ്പാക്കുന്നത്. മരങ്ങളിൽ ഋതുക്കളിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് ‘സീസൺവാച്ചി’ന്റെ ഡേറ്റാബേസിലേക്ക് വിവരങ്ങൾ നൽകുന്നതിൽ നേട്ടം കൈവരിച്ച അധ്യാപകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ചെറുസംഘങ്ങളാണ് പരിസ്ഥിതിമാറ്റത്തിന്റെ സൂക്ഷ്മതലങ്ങൾ നിരീക്ഷിച്ചത്. ഈ വിവരങ്ങൾ യഥാസമയം ‘സീസൺവാച്ച്’ വെബ്‌സൈറ്റിലേക്ക് ‘അപ്‌ലോഡ്’ ചെയ്യുകയായിരുന്നു അധ്യാപകർ. ഇതോടെ ഗവേഷണത്തിനും മറ്റു പഠനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന വിവരങ്ങളായി ഇവ മാറി.

ഡിസംബറിൽ സ്കൂൾപരിസരങ്ങളിലെ വൃക്ഷങ്ങളുടെ മാറ്റങ്ങൾ വിശദമായി പഠിച്ച് വിദ്യാർഥികൾ കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. പൂക്കുന്നതും കായ്ക്കുന്നതും ഉൾപ്പെടെയുള്ള സൂക്ഷ്മവിവരങ്ങളാണ് വിദ്യാർഥികൾ ശേഖരിച്ചത്. വൃക്ഷങ്ങളുടെ ഇത്തരം മാറ്റങ്ങളിൽ കാലാവസ്ഥാവ്യതിയാനം മാറ്റങ്ങൾ വരുത്തുന്നെന്നായിരുന്നു കണ്ടെത്തൽ.

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.

പരിസ്ഥിതിവിഷയങ്ങൾ കൈകാര്യംചെയ്യാനുള്ള കൃത്യമായ മാർഗദർശനമാണ് അധ്യാപകർക്ക് ക്യാമ്പിൽ ലഭിക്കുന്നത്. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.എൻ.സി.എഫ്. ഇൻ-ചാർജ് ഗീതാ രാമസ്വാമി, പ്രോജക്ട്‌ കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് നിസാർ, സ്വാതി സിദ്ധു, മാതൃഭൂമി ‘സീഡ്’ എക്സിക്യുട്ടീവുമാരായ എസ്. രാമാനന്ദ്, തസ്‌ലീമ നിസാർ എന്നിവർ നേതൃത്വംനൽകി

January 16
12:53 2020

Write a Comment

Related News