environmental News

അവരുടേതുകൂടിയാണ്‌ ഈ ഭൂമി

2013 ഡിസംബറിൽ ചേർന്ന യു.എൻ. പൊതുസഭയുടെ 68-ാമത് സമ്മേളനത്തിലാണ് എല്ലാവർഷവും മാർച്ച് മൂന്ന് വന്യജീവിദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ജൈവവൈവിധ്യത്തിൽ എല്ലാ വന്യജീവികളും സസ്യജാലങ്ങളും സുപ്രധാനപങ്കുവഹിക്കുന്നെന്നോർമിപ്പിച്ച് വനത്തെയും വന്യജീവികളെയും കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം

ചുവന്ന പട്ടികയിലുള്ളത് 30,178 ജീവികൾ

ഉഭയജീവികൾ .........41 % (നിലവിൽ ഭൂമുഖത്തുള്ളതിന്റെ)

സസ്തനികൾ 25 %

കോണിഫേഴ്സ് (സ്തൂപികാഗ്രവൃക്ഷം) 34 %

പക്ഷികൾ 14 %

സ്രാവുകളും റെയ്സുകളും 30 %

പവിഴപ്പുറ്റ് 30 %

കവച ജന്തുക്കൾ 27 %

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചുതന്ന വനങ്ങളും വൈവിധ്യമാർന്ന വന്യജീവിസമ്പത്തും സംരക്ഷിച്ചേ തീരൂവെന്ന് ലോകത്തെ ഓർമിപ്പിക്കാൻ ഒരു വന്യജീവി ദിനംകൂടി എത്തിയിരിക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക എന്നതാണ് ഈ വന്യജീവിദിനത്തിന്റെ പ്രമേയം. ഭൂമുഖത്തെ പതിനായിരക്കണക്കിന് ജീവജാലങ്ങളുടെ വംശം നശിച്ചുതുടങ്ങിയിരിക്കുന്നു. പലതും പൂർണമായും ഇല്ലാതായി. ശേഷിക്കുന്നവയെ വേരറ്റുപോവാതെ നിലനിർത്താൻ വിവിധ രാജ്യങ്ങളിലായി പലവിധത്തിലുള്ള പദ്ധതികളാണ് വന്യജീവി ദിനത്തോടനുബന്ധിച്ച് നടപ്പാക്കിവരുന്നത്.

പറക്കാൻ ശേഷിയില്ലാത്ത തടിയൻ കകാപോ തത്തകളും അപൂർവയിനത്തിൽപ്പെട്ട ചുവന്ന ചെന്നായയും (റെഡ് വുൾഫ്) ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളായ ചൈനീസ് ഗ്രേറ്റ് സാലമാൻഡറുകളുമൊക്കെ ഒരു വംശം നിലനിർത്താനുള്ള തത്രപ്പാടിലാണ്. ഒപ്പം ഒട്ടേറെ മറ്റുപല ജീവികളും. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ഭൂമുഖത്തുള്ള കാൽഭാഗത്തോളം സസ്യജീവിവർഗങ്ങളും വംശനാശഭീഷണിയിൽ അകപ്പെട്ടുകഴിഞ്ഞു. നാശത്തിന്റെ തോത് പലതിനും കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഒരു പതിറ്റാണ്ടുകൂടി പിന്നിടുമ്പോഴേക്കും അവയിൽ പലതും പൂർണമായും ഇല്ലാതാകും. ലോകത്ത് 80 ലക്ഷം തരത്തിലുള്ള സസ്യജീവിവർഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പത്തുലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

കാലാവസ്ഥാവ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, സമുദ്രങ്ങളിൽ രാസമാലിന്യം കലരുന്നത്, കാട്ടുതീ, അനിയന്ത്രിത വേട്ടയാടൽ എന്നിങ്ങനെ നീളുന്നു ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങൾ. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) ഒട്ടേറെ ജീവികളെ വംശനാശഭീഷണിയുടെ തോതനുസരിച്ച് ചുവന്നപട്ടികയിൽ പെടുത്തിയിട്ടുണ്ട്.

March 03
12:53 2020

Write a Comment