reporter News

കോയേലിമലയിൽ മാലിന്യം നിറയുന്നു

ആലുവ: എടത്തല പഞ്ചായത്തിലെ അൽ അമീൻ കോളേജിനടുത്തുള്ള കോയേലിമലയിൽ മാലിന്യം നിറയുന്നു. പത്തേക്കറോളം വരുന്നതാണ് കോയേലിമല. തുറസ്സായ പ്രദേശത്ത് രാത്രിയിലാണ് ആളുകൾ മാലിന്യം തള്ളുന്നത്.പകൽസമയത്ത് പരസ്യമായി മാലിന്യം കൊണ്ടുവന്ന്‌ തള്ളുന്നവരുമുണ്ട്.

ഇവിടെയുള്ള റോഡിന്റെ ഇരുവശവും ഗാർഹിക മാലിന്യവും അറവുശാലാ മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇതിലൂടെ മൂക്കുപൊത്തിയാണ് ഞങ്ങളടക്കമുള്ള കുട്ടികളുടെ യാത്ര. അൽ അമീൻ കോളേജും അറബിക് കോളേജും വാണിജ്യ ഗോഡൗണുകളും വീടുകളുമെല്ലാമുള്ള ഈ പ്രദേശം ദുർഗന്ധപൂരിതമായി.മാലിന്യം ഭക്ഷിക്കാനായി എത്തുന്ന നായകൾ ഈ പ്രദേശം തങ്ങളുടെ കേന്ദ്രമാക്കി മാറ്റി. അറവുശാലാ മാലിന്യങ്ങൾ പക്ഷികൾ കൊത്തിവലിച്ച്‌ സമീപത്തെ കിണറുകളിൽ കൊണ്ടിടുന്നതും സാധാരണമാണ്.

മഴയത്ത് റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാന സൗകര്യങ്ങളോ വെള്ളം ഇറങ്ങിപ്പോകാൻ മറ്റു മാർഗങ്ങളോ ഇല്ലാത്തതുമൂലം മഴവെള്ളം കെട്ടിക്കിടക്കുകയും മാലിന്യം അടങ്ങിയ വെള്ളം അടുത്തുള്ള കിണറുകളിലേക്ക് അരിച്ചിറങ്ങുകയും അത് ഉപയോഗ ശൂന്യമാവുകയും ചെയ്യുന്നത് പതിവാണ്.

പ്രദേശം വേലികെട്ടി അനധികൃത വാഹന പ്രവേശനം തടയുകയും ക്യാമറകൾ സ്ഥാപിച്ച്‌ മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിഞ്ഞ്‌ നിയമ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
ഹരികൃഷ്ണ, 9-ാം ക്ലാസ്‌,
മാതൃഭൂമി സീഡ് റിപ്പോർട്ടർ ,വിദ്യോദയ സ്കൂൾ, തേവയ്ക്കൽ

October 05
12:53 2020

Write a Comment