SEED News

മാതൃഭൂമി ‘സീഡി’ന് സി.എസ്.ആർ. ടൈംസിന്റെ ദേശീയപുരസ്കാരം

ന്യൂഡൽഹി: സി.എസ്.ആർ.ടൈംസിന്റെ ‘ഗ്രീൻ ആൻഡ് എൻവയൺമെന്റ് സ്റ്റ്യുവാർഡ്ഷിപ്പ് ’ വിഭാഗം ദേശീയ അവാർഡ് ‘മാതൃഭൂമി സീഡി’ന്. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി രൂപവത്കരിച്ച ‘സീഡ്’ (സ്റ്റുഡൻസ് എംപവർമെന്റ് ഫോർ എൻവയർമെന്റൽ ഡവലപ്മെന്റ്) പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്.

ഓൺലൈനിലൂടെ സംഘടിപ്പിച്ച ഏഴാമത് ദേശീയ സി.എസ്.ആർ. ഉച്ചകോടിയിലാണ് അവാർഡ് പ്രഖ്യാപിച്ചത്. കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ മുഖ്യാതിഥിയായിരുന്നു.

‘മാതൃഭൂമി’ ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര ശ്രേയാംസ്‌കുമാർ പുരസ്കാരം സ്വീകരിച്ച് സംസാരിച്ചു. കുട്ടികളിലൂടെ സമൂഹത്തിൽ പരിസ്ഥിതിസ്നേഹം വളർത്തുകയാണ് ‘സീഡി’ന്റെ ലക്ഷ്യമെന്ന് മയൂര പറഞ്ഞു. അതിൽ പങ്കാളികളായ കുട്ടികൾക്കും അധ്യാപകർക്കും സീഡ് കോ-ഓർഡിനേറ്റർമാർക്കും രക്ഷിതാക്കൾക്കും അവാർഡ് സമർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് മാതൃഭൂമി പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ഫിജി ഹൈക്കമിഷണർ യോഗേഷ് പുഞ്ച എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി ഉൾപ്പെട്ട ആറാംഗ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

സി.എൻ.എച്ച്. ഇൻഡസ്ട്രിയൽ, കരസേന, സി.എസ്.ആർ.സി. പെട്രോനെറ്റ്, ഐ.ഒ.സി., റെയിൽ ടെക്ക്, എൻ.ടി.പി.സി., ടെക്ക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ. ലൊമ്പാർഡ്, ഓയിൽ ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക്, ഹെയ്ഡൽബെർഗ് സിമന്റ്, ക്യാപ്ജെമിനി, ആദിത്യ ബിർള, കോറമൻഡൽ ഗ്രൂപ്പ്, എൽ. ആൻഡ് ടി., ആദാർ ഹൗസിങ്, സി.എൻ.എച്ച്. തുടങ്ങിയവ വിവിധ വിഭാഗങ്ങളിൽ അവാർഡിന് അർഹമായി.

December 11
12:53 2020

Write a Comment

Related News