SEED News

മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം19-20 കരുനാഗപ്പള്ളി ഗവ. മോഡൽ സ്കൂളിന് സമർപ്പിച്ചു

 പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി മാതൃഭൂമി, ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസിന് സമർപ്പിച്ചു.

ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം.

സ്കൂളിൽ നടന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻ എം.എൽ.എ. പുരസ്കാരം കൈമാറി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു. മാതൃഭൂമി കൊല്ലം റീജണൽ മാനേജർ എൻ.എസ്.വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു.

നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.ശ്രീലത മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

എസ്.എം.സി. ചെയർമാൻ ബി.എസ്.രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡന്റ് രമ്യാ രാജേഷ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ബിജി പയസ്, കോടിയാട്ട് രാമചന്ദ്രൻ പിള്ള, കെ.എസ്.പുരം സത്താർ, സ്റ്റാഫ് സെക്രട്ടറി ജി.ശ്രീലത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എസ്.ശോഭ, പ്രഥമാധ്യാപിക ജെ.ക്ലാരറ്റ് എന്നിവർ സംസാരിച്ചു.

പഠനത്തോടൊപ്പം പ്രകൃതിസംരക്ഷണത്തിനായി നടത്തിയ വേറിട്ട പ്രവർത്തനങ്ങളാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൂളിലെ പ്രവർത്തനങ്ങൾ കൂടാതെ നാട്ടിൽ പലയിടത്തായി 34 കുളങ്ങളുടെ സംരക്ഷണം സീഡ് ക്ലബ്ബ് ഏറ്റെടുത്തു. നഗരത്തിലെ ഡിവൈഡറുകളിൽ അരളിച്ചെടികൾ നട്ടുസംരക്ഷിച്ചു.

ക്ഷേത്രത്തിൽ പൂക്കൃഷി, ഗവ. പോളിടെക്‌നിക് കോളേജിൽ ഫലവൃക്ഷത്തോട്ടം, ഗവ. ആയുർവേദ ആശുപത്രിയിൽ ഔഷധത്തോട്ടം, കറിവേപ്പിൻതോട്ടം, കെ.എം.എം.എൽ. ഭൂമിയിൽ കശുമാവിൻതോട്ടം, പോലീസ് സ്റ്റേഷൻ പരിസരത്ത് കൃഷി, കെ.ഐ.പി.വക സ്ഥലത്ത് നാട്ടുമാവ് പ്രദർശനത്തോട്ടം, നഗരസഭാ പ്രദേശത്ത് 500 ഫലവൃക്ഷത്തൈ സംരക്ഷണം, കണ്ടൽവനവത്കരണം, കരനെൽക്കൃഷി, 146 വീടുകളിൽ മഴക്കുഴി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുത്ത് നടപ്പാക്കിയത്.

March 10
12:53 2021

Write a Comment

Related News