SEED News

ഹരിതചിന്തകൾ വളർത്തിയ പച്ചക്കുട

തേവക്കൽ :എല്ലാ മാധ്യമങ്ങളിലും കാണുന്ന പ്രകൃതിസംബന്ധമായ വാർത്തകൾ കുട്ടികൾ ശേഖരിക്കുന്നു അവ വായിച്ചു മനസ്സിലാക്കി സ്വന്തം ഭാഷയിൽ ചിത്രസഹിതം ആവിഷ്കരിക്കുന്നു.
അതാണ് പച്ചക്കുടയിലെ വാർത്തകൾ. 
ലോകത്തിന്റെ മുക്കിലും മൂലയിലും നിന്ന് അവർ കണ്ടെത്തുന്ന വാർത്തകളിൽ ജൈവവൈവിധ്യം, മലിനീകരണം കൊണ്ടുള്ള വിപത്തുകൾ, അന്യംനിന്നുപോകുന്ന പക്ഷിമൃഗാദികൾ, ആഗോളതാപനം ഹരിതഗൃഹവാതകങ്ങളുടെ ദൂഷ്യങ്ങൾ, കണ്ടെത്തുന്ന വിചിത്രജീവികൾ, പക്ഷികൾക്കും മൃഗങ്ങൾക്കും പ്രകൃതിക്കും നേരേയുള്ള മനുഷ്യരുടെ ക്രൂരത,  വനനശീകരണം ഇങ്ങനെ പ്രകൃതിസംബന്ധമായ ഏതു വിഷയവും പച്ചക്കുടയിൽ പ്രത്യക്ഷമായി. 

  ഓണാവധി കഴിഞ്ഞതോടെ പച്ചക്കുടയുടെ ഒന്നാമോള്യം  തയ്യാറായി. എല്ലാ ഞായറാഴ്ചയും രാവിലെ 9 മണിക്ക് പച്ചക്കുട   കുട്ടികളിൽ എത്തി. മാർച്ച് 27 ന് 26 ആം വോള്യം കുട്ടികളിൽ എത്തിയപ്പോൾ  ഒരു ഞായറാഴ്ചപോലും അത് മുടങ്ങിയില്ല എന്ന സംതൃപ്തി പച്ചക്കുട എഡിറ്റോറിയൽ ബോർഡിനുണ്ട്.

മാളവിക മുരളി,  നിവേദിത രാജീവ് ഹരികൃഷ്ണ, ആയുഷി സാബു, ഋഷികേശ്, 
ചാരുത ഷൈൻ,നിരഞ്ജന രഞ്ജിത്ത്, ഐശ്വര്യ,  ആവണി, അമേയ ഡി ആനന്ദ്‌, തന്മയി 
എന്നിവരാണ് പച്ചക്കുടയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ വായനക്കാർ വിദ്യാർത്ഥികൾ മാത്രമല്ല അധ്യാപകരും രക്ഷാകർത്താക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭ്യുദയകാംക്ഷികളും ഉൾപ്പെടുന്നു ഓരോ 
ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പച്ചക്കുട ലൈബ്രറിയുടെ വെബ്പേജിൽ ലഭ്യമാണ്. മറ്റുള്ളവർ വായനക്കാരായി മാറുന്നത് അങ്ങനെയാണ്. 
ഇതിനു കിട്ടുന്ന പ്രതികരണങ്ങൾ അതിനു 
സാക്ഷ്യം വഹിക്കുന്നു. പ്രകൃതിയെക്കുറിച്ചുള്ള ചിന്തകൾ സീഡ് വിദ്യാർത്ഥികളിലൂടെ 
മറ്റുള്ളവരിലും എത്തിക്കാൻ കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.
 
 വാർത്തകൾ വിവിധ മാധ്യമങ്ങളിൽനിന്നു തെരഞ്ഞെടുത്തതിനുശേഷം കുട്ടികൾ അവരുടേതായ ഭാഷയിൽ അത് മാറ്റുന്നു എന്നു പറഞ്ഞുവല്ലോ. അതിനു ചേർന്ന ഒരു എഡിറ്റോറിയലും കുട്ടികൾതന്നെ തയ്യാറാക്കും. അടുത്ത ആഴ്ചയിലെ ഓർമിക്കാനുള്ള പ്രത്യേക ദിവസങ്ങൾ ചേർക്കുന്നതോടൊപ്പം കുട്ടികൾ എടുക്കുന്ന ഏറ്റവും നല്ല പ്രകൃതിചിത്രം  ചിത്രമൂലയിലും  ഉൾപ്പെടുത്തുന്നു. വിദ്യാലയത്തിലെ ഏതു വിദ്യാർത്ഥിക്കും അതിനുവേണ്ടി ഫോട്ടോ അയയ്ക്കാവുന്നതാണ്.

                  രണ്ട് പ്രത്യേക പതിപ്പും  ഇതിനോടൊപ്പം കുട്ടികൾ തയ്യാറാക്കിയിരുന്നു പ്രകൃതിസ്നേഹികളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്ന്.  സീതാരാമൻ സാറിനെക്കുറിച്ചും സുഗതകുമാരിട്ടീച്ചറിനെക്കുറിച്ചും. ഇങ്ങനെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രകൃതി വാർത്തകൾ വായിച്ചു തുടങ്ങിയതോടെ കുട്ടികൾ പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങി. ഹരിത ചിന്തകളും ഹരിത കർമ്മങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായി.
 എഡിറ്റോറിയൽ ബോർഡിലെ കുട്ടികൾക്ക് പച്ചക്കുടയെക്കുറിച്ച് പറയാൻ നൂറുനാവാണ്. പഠനത്തോടൊപ്പം എങ്ങനെ മറ്റുപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം എന്നു 
പഠിച്ചതായി നിവേദിത പറയുമ്പോൾ പ്രകൃതിവാർത്തകൾ തേടിപ്പിടിക്കാൻ തുടങ്ങിയെന്ന് ഹരികൃഷ്ണ അഭിപ്രായപ്പെട്ടു. ഒരു സംഘത്തിൽ എങ്ങനെയാണ് ചേർന്നുപോകേണ്ടത് എന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്  വിലകൊടുക്കേണ്ടത് എങ്ങനെയെന്നും മനസ്സിലായതായി ഐശ്വര്യയും തന്മയിയും പറയുമ്പോൾ ശരിയാണെന്ന് മറ്റുള്ളവരും പിന്താങ്ങുന്നു. ഒരു മിഠായിക്കടലാസ് കണ്ടാൽ തിരിഞ്ഞുനടക്കുമായിരുന്ന താൻ ഇന്നതു പെറുക്കി ചവറ്റുകൊട്ടയിൽ  നിക്ഷേപിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ തന്റെ  സ്വഭാവത്തിൽ ഉണ്ടായത് ഇത്തരം സീഡ്പ്രവർത്തനങ്ങളിലൂടെയാണെന്ന് മാളവിക ഉറച്ചുവിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന എന്തെങ്കിലും കണ്ടാൽ ഉറക്കെ പ്രതികരിക്കാൻ ഞങ്ങൾക്ക് കഴിയുന്നു എന്ന് ഈ കുട്ടികൾ പറയുമ്പോൾ വിദ്യോദയ സ്കൂൾ കൃതാർത്ഥയാകുന്നു, നാളത്തെത്തലമുറയെ ശരിയായ ദിശയിൽ  തിരിച്ചുവിടാൻ കഴിഞ്ഞതിൽ. 

  പച്ചക്കുട സീഡിന്റെ പല പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്.  ഇതിൽ പ്രവർത്തിച്ച കുട്ടികളുടെമാത്രം പ്രതികരണമല്ല മുകളിൽ പറഞ്ഞത്. സീഡ് ക്ലബ്ബിലെ എല്ലാ അംഗങ്ങളുടെയും പ്രതിനിധികളുടെ ശബ്ദമാണ്. ഇതുതന്നെയാണ് വിദ്യോദയസീഡ്ക്ലബ്ബിന്റെ വിജയവും. അതിന്  മാതൃഭൂമി ഫെഡറൽ ബാങ്കുമായിച്ചേർന്ന് നൽകുന്ന പിന്തുണ 
ഒരിക്കലും വിസ്മരിക്കുന്നില്ല.

April 02
12:53 2021

Write a Comment

Related News