SEED News

മന്ത്രിക്കൊപ്പം വിത്തെറിഞ്ഞ് സീഡ് കൂട്ടുകാർ

സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് വിതപ്പാട്ട് ഉച്ചത്തിൽ പാടി വയലിൽ വിത്തെറിഞ്ഞു. ആ പാട്ട് ഏറ്റുപാടി മന്ത്രിക്കൊപ്പം വയൽച്ചെളിയിൽ കാലുറപ്പിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിലെ കൊച്ചുകൂട്ടുകാരും ഒരു പുത്തൻ കൃഷിയനുഭവത്തിലേക്ക് വിത്തെറിഞ്ഞു. മന്ത്രിയും മന്ത്രിയുടെ കോളേജ് കാലത്തെ കൂട്ടുകാരും അംഗങ്ങളായ പക്ഷിക്കൂട്ടം കാർഷികസമിതിയുടെ നെൽക്കൃഷിക്കാണ് സീഡ് കുട്ടികൾ കരുന്നുകൈ സഹായമായി വയലിലെത്തിയത്.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ കിഴകിട ഏലായിലെ അഞ്ചേക്കർ വയലിൽ പക്ഷിക്കൂട്ടത്തിന്റെ രണ്ടാം കൃഷിയിറക്കലായിരുന്നു ഞായറാഴ്ച നടന്നത്. രാവിലെ ഏഴരയ്ക്ക് മന്ത്രി പ്രസാദ് പാളത്തൊപ്പിവെച്ച്, മുളപൊട്ടിയ നെൽവിത്ത് നിറച്ച വിതക്കൊട്ടയുമായി പാടത്തിറങ്ങി. പിന്നാലെ സീഡ് കൂട്ടുകാരും. വി.വി.എച്ച്.എസ്.എസ്. താമരക്കുളം, സി.ബി.എം.എച്ച്.എസ്.എസ്. നൂറനാട്, ഗവ. എച്ച്.എസ്.എസ്. പയ്യനല്ലൂർ, വി.എച്ച്.എസ്.എസ്. ചത്തിയറ, ഗവ. എച്ച്.എസ്.എസ്. ശൂരനാട് എന്നീ സ്‌കൂളുകളിലെ കുട്ടികളാണ് മന്ത്രിക്കൊപ്പം വിത്തു വിതയ്ക്കാനിറങ്ങിയത്.

വിത്ത് വീശിയെറിയുമ്പോൾ വിരലുകളുടെ ക്രമം, ചെളിയിൽ കാലുറപ്പിച്ച് നിൽക്കേണ്ട വിധം, എല്ലായിടത്തും വിത്ത് വീഴേണ്ടതിന്റെ കൈത്തിട്ടം എന്നിവ കൃഷിക്കാരൻ കൂടിയായ മന്ത്രി കുട്ടികളെ പഠിപ്പിച്ചത് വരമ്പത്തു നിന്നവർക്കും നല്ല കൃഷിപാഠമായി. പരമ്പരാഗത കൃഷിരീതികളെക്കുറിച്ച് കുട്ടികൾക്ക് ‘ക്ലാസെടുത്ത്’ മന്ത്രി അധ്യാപകനുമായി.

ശൂരനാട് ഗവ. എച്ച്.എസ്.എസിലെ മലയാളം അധ്യാപകനും സീഡ് കോ-ഓർഡിനേറ്ററുമായ ശൂരനാട് രാജേന്ദ്രൻ എഴുതി ചിട്ടപ്പെടുത്തിയ വിതപ്പാട്ട് വയലുകൾ ഭേദിക്കുന്നത്ര ഉച്ചത്തിൽ പാടി, ആ പാട്ടിന്റെ താളത്തിലാണ് പി.പ്രസാദ് വിത്തെറിഞ്ഞത്. സീഡ് കുട്ടികളും വയൽവരമ്പിൽ നിന്ന പൊതുപ്രവർത്തകരും നാട്ടുകാരും അധ്യാപകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അതേറ്റുപാടി. ആദ്യത്തെ അമ്പരപ്പ് അവസാനിച്ചപ്പോൾ മന്ത്രി പ്രസാദ് കുട്ടികൾക്ക് കൂട്ടുകാരനെപ്പോലെയായി. വിത്തെറിഞ്ഞു ക്ഷീണിച്ച കുട്ടികൾക്കൊപ്പം മന്ത്രി കപ്പയും ചേനയും ചേമ്പും കാച്ചിലുമടങ്ങിയ പുഴുക്കും കാന്താരിച്ചമ്മന്തിയും കഴിച്ചു, നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അഞ്ച് മണിക്കൂർ വയലിലും വരമ്പത്തുമായി ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

1985-90 കാലത്ത് പന്തളം എൻ.എസ്.എസ്. കോളേജിൽ പഠിച്ച മന്ത്രി പി.പ്രസാദ് അടക്കമുള്ള വാട്‌സാപ്പ് കൂട്ടായ്മയാണ് പക്ഷിക്കൂട്ടം കാർഷിക സമിതിയായി മാറിയത്. ഒന്നരവർഷമായി പച്ചക്കറിയും എള്ളും നെല്ലുമായി പത്തേക്കർ സ്ഥലത്ത് പക്ഷിക്കൂട്ടം കൃഷി നടത്തിവരുന്നു.

വിത്ത് വിതയ്ക്കലിനു മന്ത്രിക്കും കുട്ടികൾക്കും പിന്തുണയുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരും എത്തിയിരുന്നു.

September 21
12:53 2021

Write a Comment