SEED News

ഗോതീശ്വരം ബീച്ചും പാർക്കും സുന്ദരമാക്കാൻ സീഡ് ക്ലബ്ബ്

കുട്ടികൾ ബീച്ചിൽനിന്ന് നീക്കിയത് 32 ചാക്ക് മാലിന്യം

ബേപ്പൂർ: പ്ലാസ്റ്റിക് മാലിന്യം നീക്കി ഗോതീശ്വരം ബീച്ചും ചിൽഡ്രൻസ് പാർക്കും മനോഹരമാക്കാൻ സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്.

ബീച്ച് ശുചീകരണ പരിപാടി കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻഷൻ ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പാർക്ക് സൗന്ദര്യവത്കരണ ഉദ്ഘാടനം മാറാട് പോലീസ് സബ് ഇൻസ്പെക്ടർ എം.സി. ഹരീഷ് മാവിൻതൈ നട്ട് നിർവഹിച്ചു.

കോവിഡിനുശേഷം ബീച്ചുകളും പാർക്കുകളും സന്ദർശകർക്കായി തുറന്നെങ്കിലും മാലിന്യം വലിച്ചെറിയുന്ന ശീലത്തിന് മാറ്റമില്ല. ഇതിനെതിരേ സന്ദേശം നൽകുന്നതിനുവേണ്ടിയാണ്‌ സ്വച്ഛ്‌ ഭാരത് പഖ്‌വാദ 2021 ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും ദേശീയ ഹരിതസേനയുടെയും സഹകരണത്തോടെയാണ് ശുചീകരണയജ്ഞം നടന്നത്. 32 ചാക്കുകളിലായി ശേഖരിച്ച മാലിന്യം വാർഡ് കൗൺസിലറിന് കൈമാറി. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട മാർഗരേഖകൾ ബീച്ചിന്റെ പരിസരത്ത് താമസിക്കുന്ന വീടുകളിലെത്തിച്ച് ബോധവത്കരണം നടത്തി.

മിൽമ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകൾ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ബേപ്പൂർ മിൽമ യൂണിറ്റ് ഡിവിഷൻ മാനേജർക്ക് നിവേദനം നൽകി. വിദ്യാർഥി പ്രതിനിധി എയ്ഞ്ചൽ മരിയ സ്വാഗതം പറഞ്ഞു. അധ്യാപകരായ കെ. രജിത, സീഡ് കോ-ഓർഡിനേറ്റർ ബിനോയ് ജോസഫ് എന്നിവർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ കെ. സുരേശൻ, സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻഷൻ ഡിവിഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. സുരേഷ് എന്നിവർ സംസാരിച്ചു.

December 09
12:53 2021

Write a Comment

Related News