environmental News

കുട്ടികളുമായി പാരിസ്ഥിതിക അറിവുകൾ പങ്കുവെച്ച് വന്ദന ശിവ

ഭൂമിയുടെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യമെന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകയും എഴുത്തുകാരിയുമായ വന്ദന ശിവ. ഭൂമിയുടെയും കർഷകന്റെയും കാർഷിക വിളകൾ ഉപയോഗിക്കുന്ന മനുഷ്യന്റെയും ആരോഗ്യമാണ് യഥാർഥ ആരോഗ്യമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. മാതൃഭൂമി ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തിൽ സംസാരിക്കുകയായിരുന്നു വന്ദന ശിവ.

തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളുമായി വന്ദന ശിവ സംസാരിച്ചു. കൃഷിയെയും പ്രകൃതിയെയും കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി. ധനമുണ്ടാക്കുന്നതല്ല, ജീവിതത്തിന്റെ മികവിനെയാണ് സമ്പത്ത് എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് സാമ്പത്തിക സുസ്ഥിരതയെന്നാൽ എന്താണ് എന്ന ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു.

നല്ല ആരോഗ്യമെന്നത് എന്താണ് എന്നതായിരുന്നു കുട്ടികളുടെ മറ്റൊരു ചോദ്യം. സുസ്ഥിരമായ ആഹാരശൈലികൊണ്ട് സുസ്ഥിരമായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനാകും. കുട്ടികൾ ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കണം - വന്ദന ശിവ പറഞ്ഞു.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ഡയറക്ടർ മയൂരാ ശ്രേയാംസ് കുമാർ, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ രമ്യാ രാജേന്ദ്രൻ, മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ എന്നിവർ സംസാരിച്ചു.

May 30
12:53 2022

Write a Comment