കുടയില്ലാത്തവർക്കായി യൂസ് ആൻഡ് റിട്ടേൺ കുടകൾ
ആലപ്പുഴ: മഴയിലും വെയിലിലും കുടയില്ലാതെ ബുദ്ധിമുട്ടുന്നവർക്കായി യൂസ് ആൻഡ് റിട്ടേൺ കുടയൊരുക്കി കുരുന്നുകൾ. ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിലാണ് യൂസ് ആൻഡ് റിട്ടേൺ അംബ്രല്ല പദ്ധതിക്കു തുടക്കമായത്. പദ്ധതിയുടെ ആദ്യഘട്ടമായി ആര്യാട് സൗത്ത് വില്ലേജ് ഓഫീസിലേക്ക് കുട കൈമാറി. വില്ലേജ് ഓഫീസർ പി.സി. സുനിൽകുമാർ കുട ഏറ്റുവാങ്ങി. കുടയില്ലാതെ വീട്ടിൽപ്പോകാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായമാണ്. ആവശ്യംകഴിഞ്ഞാൽ കുട തിരിച്ചേൽപ്പിക്കുകയും വേണം. മറ്റ് ഓഫീസുകളിലേക്കും കുട നൽകാൻ തീരുമാനമായിട്ടുണ്ട്. സ്കൂൾ മാനേജർ കെ.ജി. ഗിരീശൻ, അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി ഗിരീശൻ, സീഡ് കോഡിനേറ്റർ സ്‍മൃതി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
November 22
12:53
2024