ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
പാലക്കാട്: കൃഷി ജീവിതമാണെന്ന തിരിച്ചറിവും പരിസ്ഥിതിസംരക്ഷണ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ മികവുമാണ് പികെഎച്ച്എംഒ യുപി സ്കൂളിലേക്ക് സീഡ് പദ്ധതിയുടെ 2024 -25 അധ്യയനവർഷത്തെ പുരസ്കാരങ്ങളിൽ സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിനുള്ള വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരമെത്തിച്ചത്.
പാരിസ്ഥിതികപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എടത്തനാട്ടുകര ചൂരിയോടുള്ള ക്വാറിക്കെതിരേ പികെഎച്ച്എംഒ യുപിഎസിലെ വിദ്യാർഥികൾ പ്രതിഷേധമുയർത്തി. ജനകീയ ഇടപെടലുകൾകൂടിയുണ്ടായതോടെ അധികൃതർ ക്വാറി സന്ദർശിച്ച് പ്രവർത്തനം നിർത്തിവെപ്പിച്ചു. തണ്ണീർത്തട സംരക്ഷണപ്രവർത്തനത്തിൻ്റെ ഭാഗമായി വെള്ളിയാർ പുഴയിൽ തടയണ കെട്ടിയതും പൊതുജനശ്രദ്ധനേടി.
സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ തുന്നിയെടുത്ത 2000-ത്തിലധികം തുണിസഞ്ചികളാണ് നാട്ടുകാർക്ക് വിതരണം ചെയ്തത്. വിനോദസഞ്ചാരകേന്ദ്രമായ ഉപ്പുകുളം ആനപ്പാറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയതും സീഡ് വിദ്യാർഥികൾതന്നെ. 6000 കിലോയിലേറെ പച്ചക്കറി ഈ അധ്യയനവർഷം സ്കൂളിൽ വിളഞ്ഞു. 'പഴയ കതിർ പുതിയ കൈകളിൽ' പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ തനതുനെല്ലിനമായ ചെന്നെല്ല് സ്കൂളങ്കണത്തിൽ വിളയിച്ചു.
കൃഷിയിടത്തിലെ കാട്ടുപന്നിശല്യത്തിനെതിരെ സീഡ് റിപ്പോർട്ടറുടെ വാർത്ത ശ്രദ്ധനേടി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണുനിറച് സ്കൂൾ പരിസരത്ത് നിർമിച്ച ഓപ്പൺ വായനശാലയും വേറിട്ട കാഴ്ചയാണ്. പ്രധാനാധ്യാപിക എൻ. സീനത്ത്, സീഡ് കോഡിനേറ്റർ വി. റസാഖ്, മാനേജർ പി. അബുബക്കർ, പിടിഎ പ്രസിഡൻ്റ് അനിൽകുമാർ എന്നിവരാണ് സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
May 16
12:53
2025