SEED News

സീഡ് 2025 -26 സംസ്ഥാനതല ഉത്‌ഘാടനം

എല്ലാദിവസവും ആഘോഷിക്കപ്പെടേണ്ടതാണ് പരിസ്ഥിതിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 17-ാം വർഷത്തെ പ്രവർത്തനം വ്യാഴാഴ്ച വൈകീട്ട് രാജ്ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മരം നടാൻ എളുപ്പമാണ്. പക്ഷേ, സംരക്ഷിക്കലാണ് മുഖ്യം. അമ്മയുടെ പേരിൽ ഒരു തൈ നടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും അതുചെയ്താൽ, ആ തൈ നട്ടുനനച്ചു പരിപാലിച്ചാൽ ഇങ്ങനെയൊരു പരിസ്ഥിതിദിനം ആചരിക്കേണ്ടിവരില്ല. എല്ലാദിവസവും നമുക്ക് പരിസ്ഥിതിദിനമായി ആഘോഷിക്കാമെന്നും ഗവർണർ പറഞ്ഞു.“സമൂഹത്തിന്റെ സ്പന്ദനം മനസ്സിലാക്കി, ഇന്നെന്താണ് വേണ്ടതെന്നു തിരിച്ചറിഞ്ഞാണ് മാതൃഭൂമിയുടെ ഇടപെടൽ. കേവലമൊരു ദിനപത്രമായിമാത്രം നിൽക്കാതെ, സമൂഹത്തിനും അതിൻ്റെ വികസനത്തിനുമൊപ്പം നിൽക്കുന്ന മാതൃഭൂമിയെ അഭിനന്ദിക്കുന്നു.

സാമ്പത്തികപ്രവർത്തനമായ ബാങ്കിങ്
സാമൂഹികപ്രവർത്തനം കൂടിയാക്കി മാറ്റിയ ഫെഡറൽ ബാങ്കും അഭിനന്ദനമർഹിക്കുന്നു" -ഗവർണർ അഭിപ്രായപ്പെട്ടു.മണ്ണും ഭൂമിയുമൊക്കെ നമ്മുടെ അമ്മയാണെന്ന് 'മാതൃഭൂമി' അർഥമാക്കുന്നു. അമ്മയെ നാം സംരക്ഷിക്കണം. അമ്മ ആഗ്രഹിക്കുന്നതു നാം നൽകണം. വിദ്യാർഥികളുടെ മനസ്സിൽ അതിൻ്റെ വിത്തുപാകണം. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഇന്ന് മാതൃഭൂമിയിലൂടെ വിദ്യാർഥികൾ മുന്നോട്ടുവന്നിരിക്കുന്നു" -അദ്ദേഹം പറഞ്ഞു.കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യത്തിൻ്റെ നഷ്ടം, പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിപത്തുകൾ വിദൂരത്തല്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാതൃഭൂമി ഡയറക്ടർ (ഓപ്പറേഷൻസ്) എം .എസ്. ദേവിക പറഞ്ഞു. പ്രകൃതിസംരക്ഷണത്തിനായി അധ്യാപകരുടെ മാർഗദർശിത്വത്തിൽ കുട്ടികൾ നടത്തിയ വിപ്ലവമാണ് സീഡ്. പ്രകൃതിയുടെ യഥാർഥമുല്യം തിരിച്ചറിഞ്ഞയാളാണ് മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടർ എം.പി. വീ രേന്ദ്രകുമാറെന്നും ദേവിക അനുസ്മരിച്ചു.പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് രശ്മി ഓമനക്കുട്ടൻ, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റർ പി. അനിൽകുമാർ എന്നിവരും സംസാരിച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദേബേന്ദ്രകുമാർ ദൊഡാവത്തും പങ്കെടുത്തു.

June 06
12:53 2025

Write a Comment

Related News