SEED News

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം

പുന്നപ്ര: കുട്ടികളിലൂടെ സമൂഹനന്മ ലക്ഷ്യമിട്ട് മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ‘സീഡ്’ പദ്ധതിയുടെ 17-ാം വർഷത്തെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം. സീഡ് 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ എച്ച്. സലാം എംഎൽഎ നിർവഹിച്ചു. മാതൃഭൂമി റീജണൽ മാനേജർ മനീഷ്‌കുമാർ അധ്യക്ഷനായി. 
ആലപ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്. സേവ്യർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മായ എൻ. ഗോപാലകൃഷ്ണൻ, ഫെഡറൽ ബാങ്ക് ആലപ്പുഴ റീജണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ വിപിൻ വി. ഉണ്ണിത്താൻ, സ്കൂൾ പ്രിൻസിപ്പൽ വി.എം. പ്രമീളാകുമാരി, പ്രഥമാധ്യാപിക എസ്. ജ്യോതിശ്രീ, സൂപ്രണ്ട് പി.ഐ. സിന്ധു എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ സ്വാഗതവും സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവ് ഭവ്യ എസ്. നായർ നന്ദിയും പറഞ്ഞു. 
ജില്ലയിലെ ജെം ഓഫ് സീഡുകളായ കൃതിക് വി. നായർ, അനാമിക് പ്രവീൺ, സഫൽ ഷാ, കെ.എക്സ്. നോയൽ എന്നിവരെ അനുമോദിച്ചു. ജലം, വായു, മണ്ണ് എന്നിവയുടെ സംരക്ഷണത്തിനൊപ്പം ഊർജസംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും  സീഡ് പദ്ധതി ഊന്നൽനൽകുന്നുണ്ട്. കേരളത്തിലെ എണ്ണായിരത്തോളം സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും പദ്ധതിയിൽ ഭാഗമാണ്. കഴിഞ്ഞ 16 വർഷത്തെ പ്രവർത്തനങ്ങളിലൂടെ 10,74,381 വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കാൻ സീഡിനു സാധിച്ചു. 
വിദ്യാർഥികളുടെ കൂട്ടായ്മയിൽ 19,12,215 കിലോ പച്ചക്കറി, 6,62,209 കിലോ നെല്ല് എന്നിവ ഉത്പാദിപ്പിക്കാനും സാധിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി 8,36,930 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു തരംതിരിച്ച് ഹരിതകർമസേനയ്ക്കു  കൃത്യമായി കൈമാറിവരുന്നു. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യത്തിനുനേരേ ശക്തമായ പ്രതിരോധം തീർക്കാൻ പദ്ധതിക്കു സാധിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി 2023-ൽ ആരംഭിച്ച ‘തനിച്ചല്ല’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയനവർഷം 229 ക്ലാസുകൾ 14 ജില്ലകളിലായി സംഘടിപ്പിച്ചു. കൂടാതെ, സീഡ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധപ്രവർത്തനങ്ങൾക്ക് മികച്ച സഹകരണമാണ് വിദ്യാലങ്ങളിൽനിന്നു ലഭിക്കുന്നത്. ആശങ്കാരഹിതമായ ആർത്തവകാലം ഉറപ്പുവരുത്തുന്നതിനു സഹായിക്കുന്ന ‘മൈ പിരീഡ് മൈ പ്രൈഡ്’ എന്ന പദ്ധതിക്ക് ഇക്കൊല്ലം തുടക്കംകുറിക്കും. 

June 06
12:53 2025

Write a Comment

Related News