പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന് വ്യത്യസ്ത മാതൃകയുമായി പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂൾ
ഇടവേളയിലെ കളിയും ചിരിയും കഴിഞ്ഞ് ഗ്രൗണ്ടിൽ നിന്നും കലാകായിക വിദ്യാഭ്യാസത്തിന്റെ പീരീഡിൽ ക്ലാസ് മുറിയിലെത്തിയ കുട്ടികൾ സീഡ് ക്ലബ്ബ് കോർഡിനേറ്റർമാരായ അധ്യാപകരെ കണ്ട് ആദ്യമൊന്നമ്പരന്നു.
തങ്ങളുടെ പ്രിയപ്പെട്ട 'കലാ-കായികം' ഗൗരവമേറിയ മറ്റ് 'വിഷയങ്ങൾ' ആകുമോ എന്നുള്ള ആശങ്കയിലായിരുന്നു ഏവരും.
" നമുക്കൊരുമിച്ച് കളിച്ചു - ചിന്തിച്ചു - പ്രകൃതിയെ സംരക്ഷിച്ചാലോ!? " വൃത്താകൃതിയിലിരുന്ന കുട്ടികളുടെ മുമ്പിലേക്ക് കൈവശം കരുതിയ പാമ്പും കോണിയും വെച്ച് കൊണ്ട് അധ്യാപകർ ചോദിച്ചു. കണ്ട് ശീലിച്ച പഴയ മാതൃകയിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയെ സംരക്ഷിക്കുന്ന മാർഗം നിറഞ്ഞ കളത്തിലെത്തിയാൽ 'കോണി' കയറി അതിന്റെ ഗുണം മനസിലാക്കുവാനും മറിച്ചു പ്രകൃതിയെ ചൂഷണം ചെയ്യുന്നവ നിറഞ്ഞ കളത്തിൽ എത്തിയാൽ പാമ്പ് വിഴുങ്ങി അതിന്റെ പരിണിത ഫലം നിറഞ്ഞ കളത്തിൽ എത്തുന്നുന്നതുമാണ് പുതിയ മാതൃക.
രസകരമായ പ്രവർത്തനത്തിലൂടെ പ്രകൃതി സംരക്ഷണ പാഠങ്ങൾ കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കുവാനും മൊബൈൽ ഫോണുകളുടെ അതിപ്രസരം കുറച്ചു കൊണ്ട് കുട്ടികളിൽ സഹവർത്തിത്വം വർദ്ധിപ്പിക്കുവാനും ഇതിലൂടെ സാധിക്കുമെന്ന് സീഡ് കോഡിനേറ്റേഴ്സ് ആയ ജി രേണുക, എസ് അനന്തു എന്നിവർ അഭിപ്രായപ്പെട്ടു.
April 14
12:53
2026


