ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ സ്കൂളിലെ കുരുന്നുകൾ; ലഹരിവിരുദ്ധ ദിനാചരണം നടത്തി
കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനായി വിപുലമായ പ്രവർത്തനങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയത്.
ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോ പ്രദർശനം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നതായിരുന്നു വീഡിയോ. തുടർന്നാണ് വേറിട്ട ബോധവൽക്കരണവുമായി കുട്ടികൾ റോഡിലേക്ക്ഇറങ്ങിയത്. സ്കൂൾ മുറ്റത്ത് ഒത്തുചേർന്ന വിദ്യാർഥികൾ ലഹരിക്കെതിരെ അണിനിരന്ന് 'മനുഷ്യച്ചങ്ങല' തീർത്തു.
തുടർന്ന് റോഡിലൂടെ കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ (നോട്ടീസ്) വിതരണം ചെയ്തു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കുരുന്നുകളുടെ ഈ ബോധവൽക്കരണ പ്രവർത്തനം യാത്രക്കാർക്കും നാട്ടുകാർക്കും വലിയൊരു സന്ദേശമായി മാറി.
പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാറാമ്മ മാത്യു നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ശ്രീമതി അമല രാജേഷ്, അധ്യാപകരായ ബിന്ദു തോമസ്, ബീനാമോൾ, അസിൻ സാബു, കെസിയ ജോർജ്, മായ ഷിജി, ജയിനി നിധീഷ് തുടങ്ങിയവർ പങ്കെടുത്തു ജനങ്ങൾക്ക് ബോധവൽക്കരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
June 26
12:53
2026


