SEED News

കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിദ്യാർഥികളുടെ കൂട്ടായ്മയായ മാതൃഭൂമി സീഡ്, കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു. മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി അവബോധത്തോടൊപ്പം വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും വ്യക്തിത്വ വികസനവും നല്ല ചുറ്റുപാടുകളോടുള്ള ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം.
കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ശില്പശാല ഫെഡറൽ ബാങ്ക് കോഴിക്കോട് അസോസിയേറ്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ അമൃത്‌രാജ് ജോസി ഉദ്ഘാടനം ചെയ്തു.
നാദാപുരം എ.എസ്.ഐ. രങ്കീഷ് കടവത്ത് അധ്യാപകർക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു. നർമ്മത്തിൽ തുടങ്ങി ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അധ്യാപനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉദാഹരണസഹിതം അദ്ദേഹം അവതരിപ്പിച്ചു.
2026-27 അധ്യയനവർഷത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെക്കുറിച്ച് മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ.വി. ശ്രീകുമാർ, സീഡ് 'തനിച്ചല്ല' പ്രോജക്ട് റിസോഴ്സ് കൺസൾട്ടന്റ് ആർ. അപർണ നാരായണൻ എന്നിവർ ക്ലാസുകൾ നയിച്ചു.
മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ സി. മണികണ്ഠൻ, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ്സ് എക്സിക്യൂട്ടിവ് വി.ആർ. അഖിൽ, മാതൃഭൂമി ഇവന്റ്സ് ഓഫീസർ കെ.കെ. ഷനിത്ത് എന്നിവർ സംസാരിച്ചു.
സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാരായ ഡോ. കെ. ശ്രീജ (കുണ്ടുപറമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സിറാജുദീൻ പന്നിക്കോട്ടൂർ (ജി.എച്ച്.എസ്.എസ്. പൂനൂർ ) എന്നിവർ സീഡിനൊപ്പമുള്ള പ്രവർത്തനാനുഭവങ്ങളും പദ്ധതി വിദ്യാലയങ്ങളിൽ സൃഷ്ടിച്ച മാറ്റങ്ങളും പങ്കുവെച്ചു.

July 15
12:53 2026

Write a Comment

Related News