SEED News

പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി

 പരിസ്ഥിതി സംരക്ഷണത്തിനായുളള വിദ്യാർഥി കൂട്ടായ്മയായ മാതൃഭൂമി സീഡ് (സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവയോൺമെന്റൽ ഡെവലപ്‌മെന്റ്) പദ്ധതിയുടെ പതിനെട്ടാംവർഷത്തിന്റെ   ഭാഗമായി വടകര വിദ്യാഭ്യാസജില്ലയിൽ  സീഡ് അധ്യാപക പ്രതിനിധികൾക്കായി  ശിൽപ്പശാല നടത്തി.സീഡിന്റെ 2026-27 വർഷത്തെ പ്രവർത്തനങ്ങൾ ശിൽപ്പശാലയിൽ പരിചയപ്പെടുത്തി. ഫെഡറൽ ബാങ്കുമായി ചേർന്നാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പിലാക്കുന്നത്.  
 ശിൽപ്പശാല  ഫെഡറൽ ബാങ്ക് വടകര ശാഖ അസ്സോസിയേറ്റ്  വൈസ് പ്രസിഡന്റ് ആർ.എം.രമ്യ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തനത്തിനൊപ്പം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെട്ടുകൊണ്ട് മുന്നേറുന്ന സീഡ് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഫെഡറൽ ബാങ്കിന് സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
 പ്രഭാഷകൻ  വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.  പരിസ്ഥിതിയെയും മാനുഷിക ജീവിതത്തെയും അധ്യാപനത്തെയും ബന്ധപ്പെടുത്തിയുള്ള പ്രഭാഷണം ഏറെ ആകർഷകമായി.  മാതൃഭൂമി വടകര ബ്യൂറോ സീനിയർ കറസ്‌പോണ്ടന്റ് പി.ലിജീഷ് അധ്യക്ഷത വഹിച്ചു.  മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ്‌സ് ഓഫീസർ പി.പ്രമോദ് കുമാർ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. പെരുമുണ്ടച്ചേരി എം.എൽ.പി.സ്‌കൂൾ അധ്യാപകൻ കെ.വി.രാജേഷ് കുമാർ, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ്  ടി.കാവ്യ എന്നിവർ സംസാരിച്ചു.   
പരിസ്ഥിതിബോധം വീടുകളിൽ തുടങ്ങണം പരിസ്ഥിതിബോധം വിദ്യാർഥികളിൽ സ്വമേധയാ സൃഷ്ടിക്കാനുളള ശ്രമം വീടുകളിൽ തുടങ്ങണമെന്ന് പ്രഭാഷകൻ വി.കെ.സുരേഷ് ബാബു പറഞ്ഞു. മാതൃഭൂമി സീഡ് ശിൽപ്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവരുടെ മനസിൽ ആർദ്രത നിറക്കണം. അവരിൽ യശസ്സ് നിറക്കുന്നവരാകണം മാതാപിതാക്കൾ.
മഴ പെയ്യാൻ പൂജിക്കുന്നുണ്ടെങ്കിൽ ഗോവർധന മലനിരകളെ പൂജിക്കണമെന്ന് പുരാണത്തിൽ കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് മാധവ് ഗാഡ്ഗിലും പറഞ്ഞത്. പശ്ചിമഘട്ടത്തെ പൂജിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സുരേഷ് ബാബു ചൂണ്ടിക്കാട്ടി. സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ എന്ന പരിപാടി എട്ടുവർഷം മുമ്പ് തന്റെ വീട്ടിൽ നടന്ന ഓർമയും വർഷങ്ങൾക്കുമുമ്പ് വയനാട്ടിൽ നടന്ന ഒരു ക്യാമ്പിൽ എം.പി.വീരേന്ദ്രകുമാറിന്റെ പ്രസംഗം കേട്ട അനുഭവവും  അദ്ദേഹം പങ്കുവെച്ചു. ആ പ്രസംഗമാണ് ചിന്തകളെ കീഴ്‌മേൽ മറിച്ചതെന്ന് സുരേഷ് ബാബു പറഞ്ഞു.

July 20
12:53 2026

Write a Comment

Related News