SCHOOL EVENTS

സൗഹൃദത്തിന്റെ ഈ നന്മവഴിയിൽ

കൂട്ടുകാരി സന സമ്മാനിച്ച ആടിനെ കയറുപിടിച്ച് വാങ്ങുമ്പോൾ ലക്ഷ്മിയുടെ ഉള്ളിൽ ആഹ്ലാദം നിറഞ്ഞു. ചോദിച്ചവരോടെല്ലാം ലക്ഷ്മി പറഞ്ഞു മണിക്കുട്ടിയെ ഞാൻ പൊന്നുപോലെ നോക്കും. ആളൂർ രാജർഷി മെമ്മോറിയൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളായ ഇരുവരുടെയും നന്മയിലലിഞ്ഞ സൗഹൃദം മാതൃകയായി.തുടർച്ചയായി രണ്ടാം വർഷവും വീട്ടിൽ വെള്ളപ്പൊക്കത്തിനെ തുടർന്ന് ദുരിതമനുഭവിയ്ക്കുന്ന സഹപാഠി ലക്ഷ്മിക്ക്‌ സാന്ത്വനമേകാൻ തൻറെ ഓമനയായ ആടിനെയാണ് സന നൽകിയത്. സനയുടെ നന്മയെക്കുറിച്ചുള്ള മാതൃഭൂമി വാർത്ത കണ്ട് നിരവധി പേർ അഭിനന്ദനവുമായെത്തി. അഞ്ചാംക്ലാസ് മുതൽ ഒന്നിച്ചുപഠിക്കുന്ന സനയും ലക്ഷ്മിയും സ്കൂളിലെ സീഡ് യൂണിറ്റ് അംഗങ്ങളാണ്. സ്കൂളിലെ വിവിധ സേവനപ്രവർത്തനങ്ങളിൽ ഇരുവരും സജീവമാണ്. ലക്ഷ്മിയ്ക്ക് ആടിനെ നൽകിയ ചടങ്ങിൽ ആളൂർ പഞ്ചായത്ത്‌ പ്രസിഡൻറ് സന്ധ്യാ നൈസൻ, മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് നാരായൺ, സ്കൂൾ പി.ടി.എ. പ്രസിഡൻറ് ഡെന്നീസ് കണ്ണംകുന്നി, പ്രധാനാധ്യാപിക ജൂലിൻ ജോസഫ് തുടങ്ങിയവർ സ്കൂളിൽ വച്ച് സനയെ അഭിനന്ദിച്ചു.കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം തണുപ്പിനെ പ്രതിരോധിക്കാനാവാതെ കുറെയേറെ ആടുകളെ നഷ്ടമായിരുന്നു സനയുടെ പിതാവ് ഷാജിക്ക്. അതിജീവനത്തിനിടയിലും മകളുടെ നന്മയെ പിന്തുണയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഷാജി. പ്രളയത്തിൽ വീടു മുഴുവൻ മുങ്ങി നഷ്ടങ്ങൾ ഏറ്റുവാങ്ങിയ ലക്ഷ്മിയുടെ അച്ഛൻ ബാബുവിനും മകളുടെ കൂട്ടുകാരിയുടെ സ്നേഹസമ്മാനം ഏറെ വിലപ്പെട്ടതാണ്. വളർത്തുമൃഗങ്ങളോടുള്ള ലക്ഷ്മിയുടെ താത്പര്യം മനസ്സിലാക്കി ആടുവളർത്തൽ ഉപജീവനത്തിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് ബാബു.

September 06
12:53 2019

Write a Comment