CRADLE FOR TURTLES

തൈക്കടപ്പുറത്തെ തൊട്ടിലില്‍നിന്ന് കടലമ്മയുടെ മടിത്തട്ടിലേക്ക് 85 കടലാമക്കുഞ്ഞുങ്ങള്‍

കാഞ്ഞങ്ങാട്: അസ്തമയസമയത്തെ കടലിലേക്ക് നെയ്തലിന്റെ താരാട്ടില്‍ പിറന്ന 85 കടലാമക്കുഞ്ഞുങ്ങള്‍ ഒന്നൊന്നായി പിച്ചവച്ചു. തൈക്കടപ്പുറത്ത് വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെയാണ് കടലിന്റെ മടിത്തട്ടിലേക്ക് വിട്ടത്. അമേരിക്കന്‍ ദമ്പതിമാരുടെ മകന്‍ ജീന്‍ എന്ന കൊച്ചുബാലന്‍, മാതൃഭൂമി സീഡ് കുട്ടികള്‍, കേന്ദ്രസര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥികള്‍ എല്ലാവരും സ്‌നേഹത്തലോടലോടെ, കടലാമക്കുഞ്ഞുങ്ങളെ തീരം തഴുകിയ തിരമാലകള്‍ക്കൊപ്പം ചേര്‍ത്തുവെച്ചു. ഒട്ടേറെ വിദേശികളും കാഴ്ചയ്ക്ക് സാക്ഷിയാകാനെത്തിയിരുന്നു. രാമന്തളിക്കടപ്പുറത്തുനിന്ന് കിട്ടിയതാണ് മുട്ടകള്‍. 49 ദിവസത്തിനുശേഷമാണ് വിരിഞ്ഞത്. കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നെയ്തലിന്റെ മടിത്തട്ടില്‍ ഈ സീസണിലെ രണ്ടാമത്തെ പിറവിയാണിത്. കഴിഞ്ഞമാസം 24നാണ് ഈ വര്‍ഷത്തെ ആദ്യ കടലാമകള്‍ വിരിഞ്ഞത്. അന്ന് 131 മുട്ടകള്‍ വിരിയിക്കാന്‍ വെച്ചതില്‍ 79 കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. തിങ്കളാഴ്ച വിരിഞ്ഞത് രാമന്തളിക്കടപ്പുറത്തുനിന്ന് കിട്ടിയ മുട്ടകളാണ്. 98 മുട്ടകളാണ് വിരിയിക്കാന്‍ വെച്ചിരുന്നത്.

കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ എന്ന പേരില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡുമായി കൈകോര്‍ത്താണ് ഈ സീസണില്‍ "നെയ്തല്‍" കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കയച്ചത്. വനംവകുപ്പും സോഷ്യല്‍ ഫോറസ്ട്രിയും കടലാമസംരക്ഷണ പ്രവര്‍ത്തനത്തിന് നെയ്തലിനൊപ്പമുണ്ട്. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ കടലാമകളെ കടലിലേക്കയച്ച് ഉദ്ഘാടനം ചെയ്തു. നെയ്തലിന്റെ പ്രവര്‍ത്തനത്തിന് മാതൃഭൂമി കൈകോര്‍ത്തത് കടലാമ സംരക്ഷണത്തെ ഊര്‍ജിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രഥമകര്‍ത്തവ്യമാണ് കടലാമകളെ സംരക്ഷിക്കലെന്നും ഇത് നെയ്തലും മാതൃഭൂമിയും കാട്ടിത്തരികയാണെന്നും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു പറഞ്ഞു. കടലാമകളുടെ മുട്ടകള്‍ ശേഖരിക്കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം നല്കുമെന്നും അദ്ദേഹം അറിയിച്ചു.

നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ എം.ലത, കാഞ്ഞങ്ങാട് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ എം.പി.പ്രഭാകരന്‍, സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.കെ.ലോഹിതാക്ഷന്‍, ശശികുമാര്‍ ചെങ്കല്‍വീട്ടില്‍, കെ.ഇ.ബിജുമോന്‍, നെയ്തല്‍ പ്രവര്‍ത്തകരായ കെ.പ്രവീണ്‍, കെ.വി.സുഹാസ്, കെ.വി.മനോജ്, കെ.സുനി, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കടലാമമുട്ടകള്‍ ശേഖരിച്ച് കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് കൈമാറിയ രാമന്തളിക്കടപ്പുറത്തെ കെ.സജുവിന് പ്രൊഫ. കെ.പി.ജയരാജന്‍ മാതൃഭൂമിയുടെ ഉപഹാരം കൈമാറി

January 01
12:53 2016

Write a Comment