CRADLE FOR TURTLES

കുഞ്ഞുകടലാമ കടല്‍കണ്ടു; അവിനാശിനു ആഹ്‌ളാദം

തൃക്കരിപ്പൂര്‍: വലിയപറമ്പ് കടപ്പുറത്തെ മണല്‍ത്തരിക്കിടയില്‍നിന്ന് കറുത്ത കൈ ചിറകുവീശി പറത്തുവന്ന് കുഞ്ഞുകടലാമ ആകാശം കണ്ടു. ആ കാഴ്ചകാണാന്‍ കാത്തിരുന്ന നാലുവയസ്സുകാരന്‍ അവിനാശ് തുള്ളിച്ചാടി. കഴിഞ്ഞ കുറേ നാളുകളായി അവിനാശ് കാത്തിരുന്നത് ഈ കാഴ്ച കാണാനായിരുന്നു.
മുത്തച്ഛന്‍ പി.വി.വിജയന്‍ കുറുക്കന്മാരില്‍നിന്ന് രക്ഷിച്ചെടുത്ത കടലാമമുട്ടകള്‍ മനുഷ്യരാരും തൊടാതെ കാത്തുവെച്ചത് അവിനാശിന്റെ അച്ഛന്‍ ടി.വി.ജയചന്ദ്രനായിരുന്നു. വനംവകുപ്പും മാതൃഭൂമി സീഡും ആ കാവലിന് ശക്തി പകര്‍ന്നു.

മാതൃഭൂമി സീഡിന്റെ 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയും വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും ചേര്‍ന്ന് വലിയപറമ്പ് കടല്‍ത്തീരത്ത് നാട്ടുകാരുടെ കാവലില്‍ വിരിയിച്ച കടലാമക്കുഞ്ഞുങ്ങളില്‍ പതിനെട്ടെണ്ണം വിരിഞ്ഞത് ക്രിസ്മസ് രാത്രിയിലാണ്. അവയെ കടലിലേക്ക് യാത്രയാക്കാന്‍ അവിനാശിനും നിളയ്ക്കും ഫിദലിനുമൊപ്പം കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം പി.സി.സുബൈദ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.കെ.കരുണാകരന്‍, കെ.പുഷ്പ, കെ.ജി.എം.ക്‌ളബ് അംഗങ്ങള്‍, എ.വി.അശോകന്‍, എം.ഗംഗാധരന്‍, കുളങ്ങര മധു എന്നിവരുമെത്തി. പരിപാടികള്‍ക്ക് വനംവകുപ്പ് സാമൂഹികവനവത്കരണ വിഭാഗം ഫോറസ്റ്റര്‍മാരായ എം.വി.സത്യന്‍, ബിജുമോന്‍, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍മാരായ സി.സുനില്‍കുമാര്‍, പി.കെ.ജയരാജ്, മൊഗ്രാല്‍പുത്തൂര്‍ സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്കി.

January 01
12:53 2016

Write a Comment