EVENTS

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ആവേശോജ്ജ്വല തുടക്കം

June 06
12:53 2017


പിണറായി: ഇപ്പോൾ മഴയെത്തി എന്നതിനാൽ കുറച്ചുനാൾ മുമ്പുവരെ അനുഭവിച്ച വരൾച്ചയും കൊടുംചൂടും മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വലിയ ചൂടും വരൾച്ചയുമാണ് ഇത്തവണ സംസ്ഥാനത്തുണ്ടായത്. സാധാരണയായി ജലക്ഷാമമനുഭവപ്പെടാത്ത തിരുവനന്തപുരത്ത് ഇത്തവണ കടുത്ത ജലക്ഷാമമുണ്ടായി. 44 നദികളും നിരവധി തോടുകളും പർവതങ്ങളുമെല്ലാം കൊണ്ട് അനുഗൃഹീതമായ നാടാണ് നമ്മുടേത്. അത് സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കൈമാറലാണ് ഇപ്പോഴത്തെ തലമുറയുടെ കടമ. നമ്മുടെ ജലാശയങ്ങള ഇല്ലാതാക്കാൻ നാംതന്നെ ഇടവരുത്തുകയാണ്. ജലസ്രോതസ്സുകൾ സംരക്ഷിക്കാതിരിക്കുന്നത് വലിയ പാതകമാണ്. നദികളെയും ജലസ്രോതസ്സുകളെയും മലീമസമാക്കുന്നത് തടഞ്ഞേ തീരൂ.
ഹരിതകേരളമിഷന്റെ ലക്ഷ്യം മാലിന്യനിർമാർജനമാണ്. ഉറവിട മാലിന്യസംസ്കരണത്തിലൂടെ അത് യാഥാർഥ്യമാക്കാനാണ് ശ്രമം. ഇതിന് നേതൃത്വം നൽകേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചിലത് നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ ചിലത്‌ നേരേമറിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. പലേടത്തും മാലിന്യം കുന്നുകൂടിക്കിടക്കുന്നു. നാട്ടിൽ പനി വ്യാപിക്കുന്നു. മാലിന്യം കാരണം കൊതുക് വർധിക്കുന്നതാണ് പലതരം പനി വ്യാപിക്കുന്നതിന് കാരണം. ഈ പ്രശ്നം പരിഹരിക്കാൻ പലേടത്തും ഉത്തരവാദപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല. കുളം-തോട് സംരക്ഷണം ചില സ്ഥലത്ത് മാതൃകാപരമായി നടന്നപ്പോൾ ചിലേടത്ത് ഒന്നും നടന്നില്ല. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അലംഭാവം വിട്ട് പ്രവർത്തിക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രകൃതിയിൽ വരുത്തിവെച്ച കഷ്ടനഷ്ടങ്ങൾ വളരെവലുതാണ്. മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന ഇവിടെ അവ ആവശ്യത്തിനും അല്ലാതെയും വെട്ടിവെളുപ്പിക്കുന്ന സ്ഥിതിയുണ്ടായി. പകരം മരംവെച്ചുപിടിപ്പിച്ചില്ല. ഈ വീഴ്ച ആവർത്തിക്കാതിരിക്കാൻ നടപടിവേണം. ഒരു കോടി മരംവെച്ചുപിടിപ്പിക്കുന്ന പദ്ധതി വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
പിണറായി എ.കെ.ജി. സ്മാരക ഗവ.ഹയർ സെക്കൻ‍ഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എം.പി.മാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, എ.എൻ.ഷംസീർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദ്, ജില്ലാ കളക്ടർ മീർ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.രാജീവൻ(തലശ്ശേരി), എം.സി.മോഹനൻ(എടക്കാട്), ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗീതമ്മ, ജില്ലാ പഞ്ചായത്തംഗം വിനീത, കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ.നാരായണൻ, പ്രിൻസിപ്പൽ ആർ.ഉഷാനന്ദിനി, പ്രഥമാധ്യാപകൻ പി.പി.ശ്രീജൻ തുടങ്ങിയവർ സംസാരിച്ചു

മുഖ്യമന്ത്രിക്ക് ഉപഹാരം ഛായാചിത്രം

സീഡിന്റെ ഒമ്പതാം വർഷത്തെ പ്രവർത്തനോദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നൽകിയ ഉപഹാരം മുഖ്യമന്ത്രിയുടെ ഛായാചിത്രം.
മാതൃഭൂമി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയിച്ച വിദ്യാർഥികളാണ് ചിത്രം വരച്ചത്.
കെ.യാമിനി, പി.പ്രണവ്, ശ്രീരുഗ്മ ശ്രീരാജ് എന്നിവരും സീഡ് പദ്ധതിയുമായി സഹകരിക്കുന്ന ഫെഡറൽ ബാങ്കിന്റെ റീജിയണൽ മാനേജർ വി.സി.സന്തോഷ്‌കുമാറും ചേർന്നാണ് മുഖ്യമന്ത്രിക്ക് ഉപഹാരം നൽകിയത്.

Write a Comment

Related Events