നാട്ടുമാവിന്റെ മധുരംതേടി ഗ്രാമങ്ങളിലൂടെ സീഡ്പ്രവര്‍ത്തകരുടെ യാത്ര
പൂഴിക്കാട് സ്‌കൂളിലെ നാട്ടുമാവിന്‍തൈകളുടെ വിതരണം പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലസിതാ നായര്‍ ഉദ്ഘാടനം ചെയ്യുന്നു പന്തളം: നാട്ടുമാങ്ങയുടെ മണവും രുചിയും പുതിയ തലമുറയ്ക്ക് നഷ്ടമാകാതിരിക്കുകയെന്നതാണ് പൂഴിക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ ലക്ഷ്യം. മാമ്പഴത്തിന്റെ കാലത്ത് അവര്‍ ശേഖരിച്ച വിത്തുകള്‍ മുളച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അവര്‍ ശേഖരിച്ച് വിതരണംചെയ്ത തൈകളില്‍ ഇലകള്‍ വിടര്‍ന്നിരുന്നു.
അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈവര്‍ഷവും മാവില്ലാത്ത വീട്ടിലെ കൂട്ടുകാര്‍ക്ക് മുളപ്പിച്ച തൈകള്‍ വിതരണം ചെയ്തത്. ഈ വര്‍ഷം ഗ്രാമങ്ങളിലൂടെ അവര്‍ നടത്തിയ യാത്രയില്‍ ശേഖരിച്ചത് നൂറിലധികം വിത്തുകളാണ്.
പ്ലാസ്റ്റിക് കവറുകളെ ഒഴിവാക്കാനായി ചിരട്ടയില്‍ മണ്ണുനിറച്ചാണ് വിത്തുകള്‍ പാകിയത്. നാട്ടുമാവുതേടിയുള്ള യാത്ര വിവിധയിനം മാവുകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും പൂത്ത് കായ്ക്കുന്ന കാലത്തെക്കുറിച്ചും പഠിക്കാനും കുട്ടികള്‍ക്ക് സഹായകമായി.
പന്തളം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ലസിതാ നായര്‍ മാവിന്‍തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ ടി.ജി.ഗോപിനാഥന്‍പിള്ള, സീഡ് കണ്‍വീനര്‍ അഷിത ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ ആര്‍.സുദീന, അധ്യാപകരായ ആര്‍.സിന്ധു, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.