EVENTS

വിശിഷ്ടഹരിതവിദ്യാലയം പുരസ്കാരം കൂത്തുപറമ്പ് എച്ച്.എസ്.എസ്. ഏറ്റുവാങ്ങി

December 04
12:53 2017

കണ്ണൂർ: കാർഷികസമൃദ്ധിയെ മണ്ണിലും മനസ്സിലും താലോലിച്ച് പ്രകൃതിയിൽ വിസ്മയം തീർത്ത കണ്ണൂർ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ‘മാതൃഭൂമി’ സീഡ് വിശിഷ്ടഹരിതവിദ്യാലയം പുരസ്കാരം ഏറ്റുവാങ്ങി. ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ്‌ പ്രസിഡൻറ് ജോസ് വി. ജോസഫ് സ്കൂളിലെ സീഡ് പ്രതിനിധികൾക്ക് പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്കാരം.
കണ്ണൂർ ധർമടം കടലോരത്തെ ഡി.ടി.പി.സി. പാർക്കിൽ നടന്ന വർണാഭമായ പരിപാടി കെ.കെ. രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഒമ്പത് വർഷമായി ‘മാതൃഭൂമി’ സീഡ് വിദ്യാർഥികൾ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനം വിസ്മയിപ്പിക്കുന്ന മാതൃകയാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. മികച്ച രണ്ടാമത്തെ വിശിഷ്ടഹരിത വിദ്യാലയം പുരസ്കാരം ഇടുക്കി രാജഗിരി ഹോളിക്യൂൻസ് യു.പി. സ്കൂളും മൂന്നാം സ്ഥാനം തൃശ്ശൂർ എസ്.ആർ. കെ.ജി. വി.എം.എച്ച്.എസ്.എസ്. പുറനാട്ടുകരയും ഏറ്റുവാങ്ങി. 75000, 50000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും വീതമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. നാട്ടുമാവ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി ‘നാട്ടുമാഞ്ചോട്ടിൽ’ പുരസ്കാരം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം (25000 രൂപയും പ്രശസ്തിപത്രവും) പുറനാട്ടുകര എസ്.ആർ. കെ.ജി. വി.എം.എച്ച്.എസ്.എസും സീസൺവാച്ച് അനുഭവക്കുറിപ്പ് മത്സരത്തിനുള്ള ഒന്നാംസ്ഥാനം പാലക്കാട് കോങ്ങാട് ജി.യു.പി. സ്കൂളും ഏറ്റുവാങ്ങി.
ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ്‌ ഹെഡ് നെറ്റ് വർക്ക് വൺ ജോസ് വി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീപദ്രെ മുഖ്യാതിഥിയായി.
ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം, ആർ.എഫ്.ഒ. അരുണേഷ്, അസിസ്റ്റന്റ്‌ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ എ. സാവിത്രി, ഡി.ഡി.ഇ. യു. കരുണാകരൻ, ഹരിതകേരളം ജില്ലാ കോ-
ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, സംസ്ഥാന ഔഷധ ബോർഡ് അംഗം കെ.വി. ഗോവിന്ദൻ, സീസൺ വാച്ച് കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ എന്നിവർ പങ്കെടുത്തു.
മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ സ്വാഗതവും യൂണിറ്റ് മാനേജർ ജോബി പി. പൗലോസ് നന്ദിയും പറഞ്ഞു. വിവിധ മേഖലയിലുള്ള മറ്റു ജില്ലാതല പുരസ്കാരങ്ങളും വിതരണം ചെയ്തു.

Write a Comment

Related Events