രുചിവൈവിധ്യമറിയിച്ച് ലോക ഭക്ഷ്യദിനാചരണം
കണ്ണൂർ: ലോക ഭക്ഷ്യദിനത്തിൽ വിശപ്പിന്‍റെ ആകുലതകളെയും കുറയുന്ന ഭക്ഷ്യവിഭവങ്ങളെയും കുറിച്ച് ആശങ്ക പങ്കുവെച്ച് മാതൃഭൂമി സീഡിന്റെ ഹരിതോത്സവം.
ഹരിതകേരള മിഷന്‍റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പദ്ധതിയുടെ ഒൻപതാം ഉത്സവമായ ലോക ഭക്ഷ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുതുകുറ്റി യു.പി. സ്കൂളിൽ നടന്നു. മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ പരിപാടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽനിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന 80 തരം ഭക്ഷ്യവിഭവങ്ങളും 50 തരം ഇലക്കറികളും പ്രദർശിപ്പിച്ചു. സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപകൻ എം.പി.രാജീവൻ, സ്റ്റാഫ് സെക്രട്ടറി കെ.പി.ബാബു, സീഡ് സ്കൂൾ കോ ഓർഡിനേറ്റർ സി.പി.അഭിലാഷ് എന്നിവർ സംസാരിച്ചു. പി.കെ.ജയരാജ്, ബിജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.