EVENTS

മാതൃഭൂമി സീഡ് ജില്ലാതല പുരസ്കാരം വിതരണം ചെയ്തു

November 21
12:53 2018

കൂത്തുപറമ്പ് : പ്രകൃതിയുടെ തനിമ നിലനിർത്താൻ സീഡ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.കാർത്തികേയൻ പറഞ്ഞു. മാതൃഭൂമി സീഡ് ജില്ലാതല പുരസ്കാര സമർപ്പണ ചടങ്ങ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടാൻ അടുക്കളത്തോട്ടം പദ്ധതി വ്യാപിപ്പിക്കണം. സീഡ് അംഗങ്ങൾ വീട്ടുവളപ്പിൽ നടത്തുന്ന പച്ചക്കറി കൃഷി ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായകമാണ്. പ്രകൃതിയെ വേണ്ട വിധത്തിൽ പ്രതിനിധാനംചെയ്യാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഉപ ഡയരക്ടർ ടി.പി.നിർമലാദേവി അധ്യക്ഷയായിരുന്നു. പ്രകൃതിയിൽ ഉള്ളതിനെ നശിപ്പിക്കാതെ മറ്റൊന്നിനെ കൂടി നൽകാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്ന് അവർ പറഞ്ഞു.
മണ്ണിൽ ചവിട്ടി ജീവിക്കുന്നവരാകാൻ വരും തലമുറയ്ക്ക് കഴിയണം. ഇക്കാര്യത്തിൽ സീഡ് പുതുതലമുറയ്ക്ക് വഴികാട്ടിയാണെന്നും അവർ പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയരക്ടർ വി.കെ.രാംദാസ്, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ എം.പി.ഇംതിയാസ്, ഫെഡറൽ ബാങ്ക് തലശ്ശേരി ബ്രാഞ്ച് ഹെഡ് അസി. വൈസ് പ്രസിഡന്റ് എൻ.സുരേന്ദ്രനാഥ്, വൈദ്യരത്നം ഏരിയ സെയിൽസ് മാനേജർ പി.വി.അനിൽകുമാർ, കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.കെ.രാഘവൻ, പ്രഥമാധ്യാപിക എം.സി.പ്രസന്നകുമാരി, പി.ടി.എ. പ്രസിഡന്റ് കെ.മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി യു.സുരേന്ദ്രൻ, വി.വേലായുധൻ, കെ.മുകുന്ദൻ, കെ.സുരേന്ദ്രൻ, മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, പി.എം.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
25,000 രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്കാരം കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂൾ തൊക്കിലങ്ങാടിക്ക് നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.കാർത്തികേയൻ സമ്മാനിച്ചു.
മറ്റ് പുരസ്കാര
ജേതാക്കൾ
15000 രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന ഹരിത വിദ്യാലയ പുരസ്കാരം ഒന്നാം സ്ഥാനം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ ആനയിടുക്ക് എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിനും തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ പൂക്കോട് അമൃതവിദ്യാലയത്തിനും തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിൽ കൊട്ടില ജി.എച്ച്.എസ്.എസിനും ലഭിച്ചു. 10,000 രൂപയും മെമന്റോയും പ്രശസ്തി പത്രവുമടങ്ങുന്ന ഹരിത വിദ്യാലയ പുരസ്കാരം രണ്ടാംസ്ഥാനം കണ്ണൂർ വിദ്യാഭ്യാസ കണ്ണൂർ അമൃതവിദ്യാലയത്തിനും തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ മട്ടന്നൂർ എച്ച്.എസ്.എസിനും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാത്തിൽ ജി.എച്ച്.എസ്.എസിനും
ലഭിച്ചു.
5000 രൂപയും മെമന്റോയും പ്രശസ്തി പത്രവുമടങ്ങുന്ന ഹരിതവിദ്യാലയ പുരസ്കാരം മൂന്നാംസ്ഥാനം കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ കണ്ണൂർ കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂളിനും തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ പന്തക്കൽ ഐ.കെ.കുമാരൻ ജി.എച്ച്.എസ്.എസിനും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഏര്യം വിദ്യാമന്ദിരം യു.പി. സ്കൂളിനും ലഭിച്ചു. ജെം ഓഫ് സീഡ് പുരസ്കാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ മാവിലായി യു.പി. സ്കൂളിലെ പി.അമലിനും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പുന്ന സെയ്‌ന്റ് മേരീസ് യു.പി. സ്കൂളിലെ പി.കെ.അൻസിലിനും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര പ്രിയദർശിനി യു.പി. സ്കൂളിലെ കെ.സൗര്യയ്ക്കും ലഭിച്ചു ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ പുരസ്കാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കക്കാട് വി.പി.മഹമ്മൂദ് ഹാജി സീനിയർ സെക്കൻഡറി സ്കൂളിലെ കെ.ബിബിമോൾക്കും തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലക്കാനി ജി.യു.പി. സ്കൂളിലെ എം.കെ.പുഷ്പയ്ക്കും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ കയരളം എ.യു.പി. സ്കൂളിലെ എം.ഒ.സിനിക്കും
ലഭിച്ചു.
നക്ഷത്രവനം പുരസ്കാരം ഒന്നാംസ്ഥാനം പയ്യന്നൂർ സെയ്‌ന്റ് മേരീസ് യു.പി. സ്കൂളിനും രണ്ടാംസ്ഥാനം എടക്കാട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിനും മൂന്നാംസ്ഥാനം മട്ടന്നൂർ എച്ച്.എസ്.എസിനും ലഭിച്ചു. നാട്ടുമാഞ്ചോട്ടിൽ പുരസ്കാരം മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠത്തിന് ലഭിച്ചു.
സീസൺവാച്ച് പുരസ്കാരത്തിൽ ഒന്നാംസ്ഥാനം മാത്തിൽ ജി.എച്ച്.എസ്.എസിന് ലഭിച്ചു. രണ്ടാംസ്ഥാനം സൗത്ത് കൂത്തുപറമ്പ് യു.പി. സ്കൂളിനും മൂന്നാംസ്ഥാനം ഏര്യം വിദ്യാമന്ദിരം യു.പി. സ്കൂളിനും ലഭിച്ചു. ഹരിതം മുകുളം പുരസ്കാരത്തിന് കോട്ടം ഈസ്റ്റ് എൽ.പി. സ്കൂളും തേക്കേക്കര ജി.എൽ.പി. സ്കൂളും അർഹരായി. കോളേജ്തലത്തിൽ സീഡിന്റെ ജില്ലാതല പുരസ്കാരം തളിപറമ്പ് സർസയിദ് കോളേജിനാണ്.

Write a Comment

Related Events