EVENTS

ഭിന്നശേഷിക്കാരെയും കൂടെക്കൂട്ടി സീഡ് പതിനൊന്നാം വര്‍ഷത്തിലേക്ക്

August 09
12:53 2019

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ കൂടി പങ്കാളികളാക്കി മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനം പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ജഗതി ബധിര വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്തു.
ഒരു മരം നടുകയെന്നത് ദൗത്യമായി കരുതണമെന്ന് രാഖി രവികുമാര്‍ പറഞ്ഞു. അടുത്ത വീട്ടിലെ വൃക്ഷത്തിലെ ഇലകള്‍ സ്വന്തം മുറ്റത്ത് വീഴുന്നത് ഭാഗ്യമായി കാണണം. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓരോ പൗരനും വ്യക്തമായ ബോധം ഇപ്പോഴുണ്ട്. സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
ജനറല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയുടെ പരിപാലനം എത്രത്തോളം അത്യാവശ്യമാണെന്ന് പ്രളയം പഠിപ്പിച്ചു. മണ്ണ്, വെള്ളം എന്നിവയെ മറക്കുമ്പോള്‍ ദുരന്തങ്ങള്‍ ഓര്‍മയിലെത്തണം. പ്രകൃതി സംരക്ഷണമെന്ന ആശയം ശക്തമായതലത്തില്‍ കുട്ടികളുടെ മനസിലേക്ക് എത്തിക്കുന്നത് കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഹാന്‍ഡ് ബുക്കും പോസ്റ്ററുകളുടെ പ്രകാശനവും ജീവന്‍ബാബു നിര്‍വഹിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സീനിയര്‍ എഞ്ചിനീയര്‍ ബിന്ദുരാധാകൃഷ്ണന്‍ വായു മലിനീകരണത്തെ കുറിച്ച് സംസാരിച്ചു. വായു മലിനീകരണത്തിന്റെ കാരണങ്ങള്‍ എന്നിവയെ കുറിച്ചും അവര്‍ കുട്ടികളോട് സംസാരിച്ചു. ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി പ്രിയയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. വായു മലിനീകരണ നിയന്ത്രണ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
ഫെഡല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ആര്‍.എസ്. ബാബു, ജഗതി ബധിര വിദ്യാലയം പ്രിന്‍സിപ്പല്‍ ബി. ശ്രീകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.എന്‍. ദീപക്ക്, ഹെഡ്മിസ്ട്രസ് സുജാതാ ജോര്‍ജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സതീഷ് കുമാര്‍, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോചീഫ് അനീഷ് ജേക്കബ്, യൂണിറ്റ് മാനേജര്‍ ആര്‍. മുരളി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ കറ്റാര്‍വാഴ തൈകളും നട്ടു.

Write a Comment

Related Events