എന്റെ ലോക്ക് ഡൗൺ കാലം
എന്റെ ലോക്ക് ഡൗൺ കാലം
അപ്രതീക്ഷിതമായി സ്കൂൾ അടച്ചു വീട്ടിൽ വരുമ്പോൾ വീടൊന്ന് വൈറ്റ് വാഷ് ചെയ്യണമെന്നായിരുന്നു മനസ്സിലെ ഉദ്ദേശം. പെയിന്റ് എല്ലാം വാങ്ങി പണി തുടങ്ങിയെങ്കിലും ജേഷ്ഠന്റെ വീട്ടിൽ ഒരു കിണർ എന്ന ആവശ്യം അനിയൻ ശ്രദ്ധയിൽ പെടുത്തി. അങ്ങനെ കിണർ ആൾമറ കെട്ടി. കിണർ ജോലിക്കിടയിലെ വിശ്രമ വേളകൾ ചൂൽ കെട്ടിയും തെങ്ങോല പാന്തം കൊണ്ട് കുട്ട മുടഞ്ഞും വല നെയ്തും കഴിച്ചു കൂട്ടി. കൃഷി എനിക്കൊരു ദിന ചര്യയാണ്. കപ്പയും കാച്ചിലും ചേമ്പും ചേനയും നടുന്നതിന്നും പച്ചക്കറി കൃഷി പരിപാലനതിന്നും സമയം ലഭിച്ചു. കൂടെ ജോലി ചെയ്യുന്ന അധ്യാപകർക്ക് വേണ്ടി സിമെന്റിൽ ചെടിച്ചട്ടികൾ നിർമിച്ചു. കൃഷിയോടൊപ്പം തന്നെ ഒരു നല്ല പൂന്തോട്ടം എനിക്കുണ്ട്. ആവശ്യമായ ചെടികൾ സ്വന്തം തന്നെ വേരുപിടിപ്പിക്കലും പതിവെക്കലുമായി നടക്കുമ്പോൾ എന്റെ വാട്സ്ആപ്പിലെ കാർഷിക ഗ്രൂപ്പിന്റെ ആവിശ്യ പ്രകാരം മകളോടൊപ്പം ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങി. വിഷയം കൃഷി തന്നെ. ഇതിനെല്ലാം ഇടയിൽ പറമ്പിലെ കുളവും കിണറുമെല്ലാം വൃത്തിയാക്കി. അയൽവക്കത്തുള്ളവർ അലക്കാനും കുളിക്കാനും കുളത്തിലെത്താറുണ്ട്. എല്ലാം കൊണ്ടും പ്രകൃതി സമ്മാനിച്ച സൗഭാഗ്യങ്ങളെ കണ്ണ് തുറന്ന് കാണാൻ ശ്രമിക്കുകയാണ് ഞാൻ ഇന്ന്. സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെ എന്നും കൃഷിയെ സമീപിക്കുന്നത് കൊണ്ട് ആവശ്യമായ നെല്ല്, കപ്പ, പുളി, തേങ്ങ, പച്ചക്കറികളെല്ലാം സ്വന്തമായി തയ്യാറാക്കുന്നു. രാത്രി കാലങ്ങൾ വാട്സാപ്പിൽ കുട്ടികളുമായി ക്ഷേമാന്വേഷണവും ഉപദേശവും ക്ലാസ്സുമായി കഴിയുന്നു. ഈ ലോക്‌ഡൗൺ കാലം വേണ്ടുവോളം ഉപയോഗിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്.
എന്ന് ഹുസൈൻകുട്ടി എ. യൂ. പി. എസ്. മടവൂർ
https://youtu.be/AAwgRRjZteE