EVENTS

"ലോക്ക് ഡൗൺ കാലത്ത് നിങ്ങൾ എന്തു ചെയ്തു"-devika. K. Deepak, Class - Vi, Bhavans Pottore, Thrissur.

April 25
12:53 2020

"ലോക്ക് ഡൗൺ കാലത്ത് നിങ്ങൾ എന്തു ചെയ്തു" എന്ന് മാതൃഭൂമി പത്രത്തിൽ വന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ 6ആം ക്ലാസ്സിൽ പഠിക്കുന്ന ദേവികയുടെ ഒരു കുഞ്ഞു രചനയും പെയിന്റിങ്ങും.

ദാഹജലം

എന്നും രാവിലെ ഞാൻ എഴുന്നേറ്റു വന്നാൽ എന്റെ വീടിന്റെ ഉമ്മറപ്പടിയിൽ പോയിരിക്കും. സ്കൂൾ ഉള്ള ദിവസങ്ങൾ ആണെങ്കിൽ കുറച്ചു നേരം ഇരിക്കാനേ അമ്മ അനുവദിക്കൂ. ഇപ്പോൾ വക്കേഷൻ ആയ കാരണം കുറെ നേരം ഇരിക്കാം. കോവിഡ്-19 കാരണം ലോക്ക്ഡൌൺ ആയതിനാൽ റോഡിലൂടെ ഒരു വണ്ടികളുമില്ല, രാവിലെ നടക്കാൻ പോകുന്നവരെയും കാണാനില്ല.

എന്റെ വീടിന്റ മുൻവശത്തു മൂന്നു മാവുകളും, രണ്ടു തെങ്ങുകളും ഉണ്ട്. ഒരു തെങ്ങിനോട് ചേർന്ന് സിമന്റ്‌ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കുളവുമുണ്ട്. അതിൽ നിറയെ കുഞ്ഞു കുഞ്ഞു മീനുകളെ ഞാൻ വളർത്തുന്നുണ്ട്. വയലറ്റ് പൂക്കൾ വിരിയുന്ന ഒരു ആമ്പൽചെടിയും ആ കുളത്തിൽ അമ്മ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഉമ്മറപ്പടിയിൽ ഉറക്കപിച്ചോടു കൂടി രാവിലെ ഇരിക്കുമ്പോൾ അമ്മ എനിക്ക് എന്നും ഒരു ഗ്ലാസ്‌ നിറയെ വെള്ളം കുടിക്കാനായി കൊണ്ടു വന്നു തരും.

ഉമ്മറപ്പടിയിൽ ഇരുന്ന് വെറുതെ പുറത്തേക്കു നോക്കിയിരിക്കാൻ എനിക്ക് നല്ല ഇഷ്ടമാണ്. മാവിന്റെ കൊമ്പിലും, മതിലിൻമേലും, ചെടികളിലും പലതരത്തിലുള്ള കിളികൾ വന്നിരിക്കുന്നതു കാണാം. തൊപ്പികിളികൾ, പൂത്താങ്കിരികൾ, കാക്കതമ്പുരാട്ടി, അടക്കാകിളികൾ, മൈനകൾ.... എന്നിവയെല്ലാം കൂട്ടത്തിലുണ്ടാകും.

ചിലപ്പോൾ രണ്ടു അണ്ണാറകണ്ണൻമാർ തെങ്ങിന്റെ മുകളിൽ നിന്നും വാലും കുലുക്കി താഴത്തേക്കു ഓടിയിറങ്ങി വരാറുണ്ട്. ചില കിളികൾ രാവിലെ തന്നെ എന്റെ കുളത്തിൽനിന്നും വെള്ളം കുടിക്കുകയും, കുളിക്കുകയും ചെയ്യും. ഒരു ശബ്ദവുമുണ്ടാക്കാതെ ഈ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്. ചെറിയ ഒരു അനക്കമുണ്ടായാൽ മതി എല്ലാവരും പറന്നുപോകും. മിക്ക ദിവസവും അമ്മ എന്നെ അകത്തേക്ക് വിളിക്കാനായി വരുമ്പോൾ ശബ്ദം കേട്ടു കിളികളെല്ലാം പറന്നു പോകാറുണ്ട്. എനിക്ക് അപ്പോൾ ഭയങ്കര ദേഷ്യം തോന്നും.

കുറച്ചു ദിവസം മുൻപ് ഇതുപോലെ അമ്മ എന്നെ വന്ന് വിളിച്ച ശബ്ദം കേട്ട് കിളികളെല്ലാം പറന്നുപോയി. ഞാൻ ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു "കണ്ടോ ആ കിളികളെയെല്ലാം ഓടിപ്പിച്ചു". അപ്പോൾ അമ്മ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു "സാരമില്ല, ഈ പറന്നുപോയ കിളികളെല്ലാം വീടിനു പുറകിലുള്ള മാവിലും, പ്ലാവിലും ഒക്കെ ഉച്ചനേരത്ത് വന്നിരിക്കാറുണ്ട്". അമ്മ പറഞ്ഞു നിനക്ക് ആ കിളികൾക്കു കുടിക്കാൻ ഒരു പാത്രം വെള്ളം വച്ചു കൊടുത്തുകൂടെ. "വേനൽക്കാലമല്ലേ പാവം കിളികൾക്കെല്ലാം വെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്". ലോക്ക്ഡൌൺ സമയത്ത് മാതൃഭൂമി പത്രത്തിൽ പക്ഷി നിരീക്ഷണത്തെ കുറിച്ച് വന്ന വാർത്തകൾ അച്ഛൻ എനിക്ക് വായിക്കാൻ തന്നിരുന്നു.

അമ്മ എനിക്ക് വെള്ളം വെക്കാൻ ആയി ഒരു വലിയ പാത്രം തന്നു ഞാൻ അതിൽ നിറയെ വെള്ളം ഒഴിച്ച് വീടിന്റെ പിറകിൽ അലക്കു കല്ലിനോട് ചേർന്നുള്ള ഒരു വലിയ കല്ലിൻമേൽ കയറ്റി വച്ചു. എന്നിട്ട് ഇടയ്ക്കിടെ ഞാൻ ചെന്ന് നോക്കി കൊണ്ടിരുന്നു, കിളികൾ വരുന്നുണ്ടോ എന്ന്. ഉച്ച ആയപ്പോൾ മാവിലും, പ്ലാവിലും, കിളികൾ ഇരിക്കുന്നത് കണ്ടു. അവർ കലപില കൂട്ടുകയാണ്. പക്ഷെ ആരും തന്നെ എന്റെ പാത്രത്തിന്റെ അടുത്തേക്ക് പോലും വന്നില്ല. എങ്കിലും ഞാൻ അവർക്കു ആയി ദിവസവും വെള്ളം വെക്കാറുണ്ട്.

രണ്ടു മൂന്ന് ദിവസം അങ്ങനെ കടന്നു പോയി. കിളികൾ വെള്ളം കുടിക്കാൻ വരാത്തത്തിൽ എനിക്ക് വിഷമം തോന്നി. ഞാൻ അച്ഛനോട് ഈ കാര്യം പറഞ്ഞു. നമ്മൾ ഏതു സമയവും ചെന്ന് നോക്കുന്നത് കണ്ടാൽ കിളികൾ പേടിച്ചു വരില്ല, അതുകൊണ്ട് ആ ഭാഗത്തേക്ക്‌ പോകുകയേ വെണ്ട എന്നു അച്ഛൻ പറഞ്ഞു. രണ്ടു ദിവസം പിന്നെ ഞാൻ ആ ഭാഗത്തേക്ക്‌ പോയില്ല.

ഒരു ദിവസം ഉച്ചനേരം ഞാൻ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ എന്നെ വന്നു വിളിച്ചിട്ട് പതുക്കെ പറഞ്ഞു. ശബ്ദം ഉണ്ടാക്കാതെ അടുക്കള ജനലിലൂടെ നോക്കാൻ. ഞാൻ നോക്കിയപ്പോൾ നിറയെ കിളികൾ മാവിന്റെ കൊമ്പിലും, പ്ലാവിലും, മതിലിൻമേലും, പാത്രത്തിനു അരികിലും വന്നിരിക്കുന്നു. എല്ലാവരും കൂടി ആകെ ലഹള ബഹളം. കുറച്ച് കിളികൾ ഞാൻ വച്ച പാത്രത്തിൽനിന്നു വെള്ളം കുടിക്കുകയും, ചിറകിട്ടടിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. അതിൽ ചിറകിൽ മാത്രം വെള്ള വരയും ബാക്കി മുഴുവൻ കറുപ്പ് നിറവും ചേർന്ന രണ്ട് കിളികൾ പാത്രത്തിൽ ഇറങ്ങി കുളിക്കുന്നതും കണ്ടു. എനിക്ക് ഭയങ്കര സന്തോഷമായി, ഞാൻ ഓടിചെന്ന് അച്ഛനെ വിളിച്ചു കാണിച്ചു കൊടുത്തു, വേഗം അമ്മയുടെ ഫോൺ എടുത്ത് കൊണ്ട് വന്ന് ജനലിലൂടെ അവരുടെ ഒന്ന് രണ്ട് ഫോട്ടോകൾ എടുത്തു. പെട്ടെന്ന് ജനലിൽ എന്റെ കൈ മുട്ടിയ ശബ്ദം കേട്ട് കിളികളെല്ലാം പേടിച്ച് മരകൊമ്പിൻമേൽ ചെന്നിരുന്നു. "അവരെ ശല്യപെടുത്താതെ നീ ഇങ്ങോട്ട് പോരൂ" അച്ഛനും അമ്മയും എന്നോട് പറഞ്ഞു. ഞാൻ തിരിച്ചു പൊന്നു, എന്നിട്ട് ഫോണിൽ എടുത്ത ഫോട്ടോകൾ എന്റെ കൂട്ട്കാർക്ക് അയച്ചുകൊടുത്തു.

Devika. K. Deepak,
Class - VI, Bhavans Pottore, Thrissur.

Write a Comment

Related Events