EVENTS

ലോക്ക് ഡൗൺ കവിതകൾ -*സൂരജ് ആലംകോട്

May 01
12:53 2020

ലോക്ക് ഡൗൺ കവിതകൾ
-*സൂരജ് ആലംകോട് -പരിസ്ഥിതി പ്രവർത്തകൻ , ഗവേഷണ വിദ്യാർത്ഥി (സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കർണാടക )

ഒറ്റയ്ക്കിരുന്നു കഥപറഞ്ഞുപറഞ്ഞു
ചുവരുകൾ തിരിച്ചുമിണ്ടാൻ തുടങ്ങി
പറയുന്ന ഓരോ കഥകൾക്കും മറുകഥകളും
ഓരോ സങ്കടങ്ങൾക്കും
ആശ്വസിപ്പിക്കലിന്റെ കൂട്ടുമായി
ചുവരുകളും തലയിണയും
പിന്നെ ജനലിലൂടെയുള്ള കാഴ്ചകളും..!
കുറേകാര്യങ്ങൾ പറഞ്ഞു; കഥകൾ പറഞ്ഞു; പാട്ടുകൾ പാടി; ഉറക്കെക്കരഞ്ഞു,
അപ്പോഴെല്ലാം തോളത്തുതട്ടി ആശ്വസിപ്പിക്കാനും കൂടെ പാടാനും കേട്ടിരിക്കാനും ഹോസ്റ്റലിലെ കൂട്ടുകാരെപ്പോലെ കൂടെയിരുന്നു.

ഒരു ദിവസം നോക്കുമ്പോൾ ചുവരുകൾ മിണ്ടുന്നില്ല; തലയിണ കെട്ടിപ്പിടിക്കുന്നില്ല.
ഉറക്കത്തിലാണെന്നുകരുതി കുറേ വിളിച്ചു; ആരും മിണ്ടുന്നില്ല
പുറത്തേക്ക് നോക്കാൻ അവിടെ ജനലുകൾ കാണുന്നില്ല.
ഒന്നും മനസ്സിലാവുന്നില്ല, കുറേ കരഞ്ഞു; എന്നിട്ടും ആരും മിണ്ടിയില്ല.

നാലുദിവസം കഴിഞ്ഞപ്പോൾ
ഒരാംബുലൻസും പൊലീസുവണ്ടിയും വന്നു.
മൂക്കുപൊത്തിക്കൊണ്ട് അവരെന്നെ സ്‌ട്രച്ചറിലെടുത്ത് പുറത്തേക്കു നടന്നു.
എങ്ങോട്ടാണെന്നു ചോദിച്ചിട്ട് ആരുമെന്നെ മൈൻഡ് ചെയ്യുന്നില്ല.
ഞാൻ വരുന്നില്ലെന്നുപറഞ്ഞുകുറേ നിലവിളിച്ചു; അവരെന്റെ മുഖത്തേക്കൊന്നുനോക്കി, ഒരു തുണിയെടുത്തെന്റെ മുഖത്തിട്ടു.
ശ്വാസം മുട്ടുന്നപോലുണ്ട്.
വണ്ടിനീങ്ങി.
അയൽക്കാരെല്ലാം എത്തിനോക്കി നിൽക്കുന്നു.

പിണങ്ങി മിണ്ടാതെയിരിക്കുന്ന ചുവരുകളും തലയിണയും
പിണക്കം മാറുമ്പോ എന്നെത്തിരയുമോ?
എനിക്ക് സങ്കടം വരുന്നൂ...

*സൂരജ് ആലംകോട്
...................................................

ആളൊഴിഞ്ഞ പൂരപ്പറമ്പുപോലിവിടം
ശാന്തമാണ്
വഴികളും കടകളുമെല്ലാം
ഒഴിഞ്ഞു കിടക്കുന്നു
മനുഷ്യരാരും പുറത്തിറങ്ങുന്നില്ല, പേടിച്ചിട്ട്.
ഒറ്റപ്പെട്ട ചില കരച്ചിലുകൾ
മാത്രം ബാക്കിയായുണ്ട്
കഴിഞ്ഞാഴ്ച പെറ്റെണീറ്റ അമ്മപ്പട്ടിയും നാലുകുഞ്ഞുങ്ങളും കരയുന്നതാണ്.
അത് ഒറ്റപ്പെടലിന്റെയല്ല, വിശപ്പിന്റേതാണ്.

ലോക്ഡൗണിലകപ്പെട്ട, ട്രാപ്ഡ് ആയ മനുഷ്യർ- തൊഴിലാളികൾക്കും ഇതുതന്നെയാണവസ്ഥ.
കരയാൻ പോലുമാവതില്ലാതെ
കിലോമീറ്ററുകൾ നീണ്ട നടത്തം
പേരറിയാത്തവർ എവിടൊക്കെയോ
തളർന്ന് വിശന്ന് മരിച്ചുവീഴുന്നു.

ഇന്നുകണ്ടപ്പോൾ അമ്മപ്പട്ടിയുടെ കൂടെ
നാലിൽ
രണ്ടുകുഞ്ഞുങ്ങളേ ബാക്കിയുള്ളൂ.

*സൂരജ് ആലംകോട്

Write a Comment

Related Events