EVENTS

"ചിത"യൊരുക്കി അനിത ടീച്ചർ -കവിത

May 09
12:53 2020



അനിത വർമ്മ
സീഡ് കോഓർഡിനേറ്റർ
നിർമലമാതാ സെൻട്രൽ സ്കൂൾ, തൃശൂർ


ചിത

വേനൽ വിതച്ച് വരൾച്ച കൊയ്യുന്ന കാലം
വിടപറഞ്ഞു പോകുന്ന സായന്തനം
വെയിലിനെ നേർത്ത പാട ക്കിടയിലൂടെ
പതുങ്ങി വന്ന വർഷ ബിന്ദുക്കൾ
ഋതുക്കൾ അടർത്തിയിട്ട കരിയില കൂട്ടങ്ങൾ
വാരിയടുക്കിവച്ച നിലത്തുറഞ്ഞ വള്ളികൾ
ഭൂതകാലത്തിലെ പെരുമയിൽ ഊളിയിട്ടു
പിണങ്ങിപ്പോയ വെളിച്ചത്തിൽ
വ്യക്തതയില്ലാത്ത ഓർമ കാഴ്ചകൾ തിരയുന്ന
കാലം തെറ്റിയ മഴ മേഘങ്ങൾ
പൂർത്തിയാകാത്ത ഒരു അർദ്ധവൃത്തം പോലെ
മിന്നലിൽ തെളിഞ്ഞ വെട്ടം
നീണ്ട മഴക്കാലങ്ങളേ റ്റുവാങ്ങിയ
ചോരവാർന്ന മേഘങ്ങൾ
കരിയില കൂട്ടങ്ങളെ വാരി ചുറ്റി പറന്ന കാറ്റ്
കാടിന്റെ ഇരുണ്ട നിഴലിൽ കനത്തു തണുത്ത സ്നേഹം
വായുവിലേക്ക് വേരുകളാഴ്ത്തി മണ്ണിലേക്ക് വളരുന്ന
ചുറ്റിയ മൗനത്തിൽ ഓളം വെട്ടുന്ന ദുഃഖം
കാലങ്ങളുടെ ചൂളം വിളി കേൾക്കുന്ന
കാടിനുള്ളിൽ നീളുന്ന ഒറ്റയടിപ്പാത
മിന്നൽ വെട്ടിയ മാനം, കാറ്റുവീശുന്ന മുളങ്കാട്
കാഴ്ചയ്ക്കു മേലൊരു മറു കാഴ്ച
മഴ ഒഴുകി കളഞ്ഞ വേറിട്ട ജീവിതങ്ങൾ
മണ്ണിലേക്ക് പടർന്നിറങ്ങിയ കനത്തു മൂടിയ നിശബ്ദത
വറ്റി തീരാത്ത കാട്ടരുവിയുടെ നാലായി പിരിഞ്ഞ വഴികൾ
കാർമുകിലുകളെ പിന്തുടരുന്ന വായുവിനെ ആഴങ്ങൾ
കരിന്തിരി കത്തി കാറ്റടിച്ചു കെട്ടുപോയ രാത്രി
അമൂർത്ത ചിന്തകളും വ്രണിത ഹൃദയവും
കണ്ണുകളിൽ നിഴലിച്ച നിശബ്ദത
ഹൃദയം കീറി അടർന്ന വേദന ഉള്ളിലൊതുക്കി
വിരഹവും നഷ്ടവും തീരുംവരെ
ചേക്കേറാൻ ചിലക്കുന്ന പക്ഷികളും
കനത്ത നിഴൽ വിരിച്ച ആകാശവും
ജീവൻ ഒഴിഞ്ഞ ശംഖിൽ തുടിക്കുന്ന
ആത്മാവിന്റെ ചിറകറ്റ നൊമ്പരങ്ങൾ
ജീവിത സാഗരത്തിലെ ശാന്തമായ തോണിയാത്ര
ഓർമ്മകളിൽ അലിഞ്ഞിറങ്ങിയ
ഭൂതകാലത്തിന് ശുഭ്ര സൂനങ്ങൾ
പെരുമഴയിൽ നനഞ്ഞുകുതിർന്ന സൂര്യൻ
മാനത്തേക്കുയരുന്ന കുന്നിൻ ചെരിവുകൾ
പകലറുതികളിൽ ഉൽഫുല്ല മോഹങ്ങൾ
പരത്തുന്ന പിന്നിട്ട വഴികൾ
മദംകൊള്ളും അഭിനിവേശങ്ങൾ
മനസ്സിനുള്ളിൽ ഉറക്കികിടത്തുമ്പോൾ
ഒരു നോവിന്റെ വേദന ഉള്ളിലൊതുക്കി
ഞാനിന്നെന്റെ ചിതക്ക് തീ കൊളുത്തുമ്പോൾ
പേറ്റുനോവിൻ കനൽപുകക്കുള്ളിൽ
നോവും വികാരമായ് മോഹങ്ങൾ കത്തിയമരുന്നുവോ....

.......അനിത വർമ്മ...

Write a Comment

Related Events