EVENTS

ലോക്ക് ഡൗൺ ഡയറി -റാഫി നീലങ്കാവിൽ

May 10
12:53 2020

റാഫി നീലങ്കാവില്‍
സീഡ് കോഓർഡിനേറ്റർ
മണത്തല ബി.ബി.എ.എൽ.പി.എസ്

'ടീച്ചറ് പറയാ... എല്ലാവരും ജയിച്ചു. ഇനി സ്കൂളില്‍ വരേണ്ടാന്ന്.'

വീട്ടിലെത്തിയ എന്നെ മൂന്നാം ക്ലാസ്സുകാരി മകള്‍ കൈയ്യില്‍ തൂങ്ങി സ്വീകരിച്ചുകൊണ്ട് പറഞ്ഞു. നേരത്തെ വന്ന വേനലവധിയിയുടെ സന്തോഷത്തിലാണ് കുട്ടി. കൊറോണ ജാഗ്രതയില്‍ പരീക്ഷയും പരീക്ഷണങ്ങളും ഒന്നും ഇല്ല.

ഓര്‍ക്കാപ്പുറത്തെ സ്കൂള്‍ അവധിയെക്കുറിച്ച് ആലോചിച്ച് ചായക്കപ്പ് ചുണ്ടോടടുപ്പിക്കുമ്പോഴാണ് കുട്ടികള്‍ സ്കൂള്‍ പാഠപുസ്തകങ്ങളെല്ലാം കെട്ടി വെച്ചിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടത്.

'ഇനി പുസ്തകങ്ങളൊന്നും വേണ്ടേ?'

'ജയിച്ചാ പിന്നേ ഈ പുസ്തകം പഠിക്കണോ പപ്പേ?'
കുട്ടികള്‍ പരസ്പരം നോക്കി ചിരിച്ചു.

ഞാനെന്തൊരു മനുഷ്യനാണ്. കുട്ടികള്‍ ജയിച്ച കാര്യമല്ലേ അവര്‍ നേരത്തേ പറഞ്ഞത്. ജയിച്ചാല്‍ പഠിച്ച പാഠപുസ്തകങ്ങള്‍ കെട്ടിവെക്കുന്നതില്‍ തെറ്റില്ല. പണ്ട് ഞാനും അങ്ങിനെയാരിരുന്നല്ലോ. സ്കൂള്‍ പൂട്ടിയാല്‍ പുസ്തകങ്ങള്‍ തരം തിരിച്ചുവെക്കും. ആവശ്യമില്ലാത്തവ വില്‍ക്കാന്‍ കീറച്ചാക്കില്‍ കെട്ടിവെക്കും. ബാക്കിയുളളവ പൊടി തട്ടി ഒതുക്കി വെയ്ക്കും. അവധിക്കാലം പണികളുടെ കെട്ടഴിച്ചിട്ടതുപോലെയാണ്. എല്ലാം വൃത്തിയായി ചെയ്താലെ സമയാസമയം അമ്മ കളിക്കാന്‍ വിടുകയുളളൂ. വീട് വൃത്തിയാക്കണം, ഓലകൊണ്ട് മേഞ്ഞഭാഗങ്ങള്‍ മാറ്റിമേയണം. ഓടിറക്കി കഴുക്കോല്‍ ശരിയാക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമ്പോഴും സഹായിക്കാന്‍ കുട്ടികള്‍ ഒപ്പം നില്‍ക്കണം അങ്ങിനെ എത്രയെത്ര കാര്യങ്ങളാണ? ആകെമൊത്തം അവധിയില്ലാക്കാലമാണത്.

മാര്‍ച്ച് മുപ്പതിന് സ്കൂള്‍ പരീക്ഷ കഴിഞ്ഞ് വന്നാല്‍ അന്ന് തന്നെ പെട്ടെന്ന് തുടങ്ങുന്ന പണിയാണ് അക്കൊല്ലം പഠിച്ച് മറിച്ച പുസ്തകങ്ങളെ കെട്ടിവെയ്ക്കുകയെന്നത്. ഞാനും ചേച്ചിയും ചേര്‍ന്ന് നോട്ടുപുസ്തകത്തിലെ എഴുതാപേജുകള്‍ കീറിയെടുത്ത് കെട്ടിത്തുന്നിവെക്കും. ബാക്കിവന്നവ വലിച്ച് കീറിയെടുക്കുമ്പോള്‍ എന്തോ വിജയിയുടെ ഭാവമായിരിക്കും. ചേച്ചി ഒപ്പം ചേര്‍ത്ത് പേജുകള്‍ തുന്നിക്കൂട്ടിത്തരും.

അടുത്ത പണി പകുതി വിലയ്ക്ക് വില്‍ക്കാല്‍ ടെസ്റ്റ് ബുക്കുകള്‍ പൊതിഞ്ഞ് വെക്കലാണ്. കീറിയ പേജ് ഒട്ടിച്ച് മടങ്ങിയ അരികുവശം നേരെയാക്കിവെക്കും. എന്തിനാണെന്നോ? പഴയത് വാങ്ങാന്‍ വരുന്നവര്‍ ഇഷ്ടപ്പെടാതെ അപ്പുറത്തെങ്ങാനും പോയാലോ?

ഒരിക്കല്‍ പരിപാടി ഭംഗിയായി തുടരുമ്പോഴാണ് അമ്മയുടെ ഒരു കല്‍പ്പന.

'ജയിക്കോടാ? ജയിച്ചില്ലേല്‍ ഈ പുസ്തകം തന്നെ ഉപയോഗിച്ചാ മതി.'
അമ്മയുടെ സംസാരത്തിന് ഒരു ദാക്ഷിണ്യവും ഇല്ല.

'ജയിക്കും അമ്മേ'
പറയുമ്പോഴും ഉളളില്‍ ഒരു പേടി.

'എന്തായാലും ഉപപാഠപുസ്തകം മുക്കാല്‍ വിലയ്ക്ക് വില്‍ക്കാമമ്മേ..'
എന്‍റെ ആത്മവിശ്വാസം പൂര്‍ണ്ണമായിരുന്നു.

'അതെന്താടാ?'

'പുസ്തകത്തിന് നല്ല വില കിട്ടാന്‍ ആപ്പുസ്തകം ഇതുവരെ തുറന്നു നോക്കീട്ടില്ലമ്മേ...'

എന്‍റെ വിവരം കേട്ട് അമ്മ അഭിമാനിച്ചിരിക്കുമോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ പുതിയ പുസ്തകക്കെട്ടുകള്‍ എന്നെ തുറിച്ചുനോക്കുന്നതായി എനിക്ക് തോന്നി.

കുട്ട്യോളെ ഇനി എന്തു ചെയ്യും???

Write a Comment

Related Events