EVENTS

ഓണംകൊള്ളൽ ...കവിത

August 25
12:53 2020

ഓണംകൊള്ളൽ
.............................

പകലോൻ ചൂട്ട് കത്തിക്കുന്നു
പതിരാകാത്ത വാക്കെരിയുന്നു ..
കതിര്കിനാക്കിളി ,കതിര്കിനാക്കിളി
പുതുനാമ്പായിരം ഓർമ്മ മെടഞ്ഞേ... ഓണത്തുള്ളലിൽ ,ഓർമ്മത്തള്ളലിൽ
ഓണപ്പായ മെടഞ്ഞ് വിയർത്തേ ..
മൂടപ്പായ വിരിഞ്ഞ് വിടർന്നേ ... കതിര്കിനാക്കിളി ,കതിര്കിനാക്കിളി
ഓണം കൊള്ളാൻ ഓർമ്മ കടം താ ...
ഓണം കൊള്ളാൻ കതിര് കടം താ ...
പോറിയ ജീവിതം വാറ്റിയെടുത്ത് ..
നീറിയ ജീവിതം നീറ്റിയെടുത്ത് ..
കരകാണാക്കടൽ ഊറ്റിയെടുത്ത് ..
കണ്ണീർപ്പുഴയിൽ ചേർത്ത് വരച്ച് ...
പച്ച തഴപ്പായ് ,പേറി ,പ്പോറി
തലച്ചുമടായി കീറി വളച്ച്
പച്ചയുണക്കി ,കീറി ,പ്പോറി
ഉരുണ്ട് വളച്ച് ,നിവർത്തിയെടുത്ത്
ഒന്നാം പൊളിയില് പാട്ടുകൾ കെട്ടി
രണ്ടാം പൊളിയില് കൂട്ടുകൾ കെട്ടി ..
മൂടപ്പായകൾ നെയ്ത് മെടഞ്ഞ് ..
ചന്തയിലെത്തി, ചന്തംചാർത്താൻ
കുപ്പിവളകൾ ,പൊട്ടും ചാന്തും
ചക്കരയും ,പല വ്യഞ്ജനവും
ചക്കകളും ,ചിലനേരം കൊല്ലികൾ
ഓണപ്പായ മെടഞ്ഞ് വിയർത്തേ
മൂടപ്പായ വിരിഞ്ഞ് വിടർന്നേ
ഓണം കൊള്ളാൻ കാലം വന്നേ
ഓണം കൊള്ളാൻ ഓർമ്മ കടം താ ...
കതിര് കിനാക്കിളി ,കതിര് കിനാക്കിളി ഓണം കൊള്ളാൻ ഓർമ്മ കടം താ ...

കണ്ണൻ സിദ്ധാർത്ഥ്

Write a Comment

Related Events