കരനെൽകൃഷിയിലെ മധുരസ്പർശം
ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. വലിയൊരു മഹാമാരി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ പോലും നമ്മുടെ സ്കൂളിലെ സീഡ് ക്ലബ് കോഡിനേറ്റർ ആയ സിറാജുദീൻ സാറിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം ആഘോഷമാക്കി മാറ്റുവാൻ വേണ്ടി നമ്മുടെ സ്കൂളിലെ പ്രധാന അദ്ധ്യാപകനായ മജീദ് സാറും മറ്റു അദ്ധ്യാപകരും അജിമാഷും കൃഷിഓഫീസർ ആയ ശ്രീവിദ്യ മാഡവും ഒത്തുചേർന്നത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. രാവിലെ 10 മണിക്കാണ് കൊയ്ത്തുത്സവം ഉത്ഘാടനം നടന്നത്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് എല്ലാവരും മാസ്ക് ധരിച്ചാണ് പരുപാടി ആരംഭിച്ചത്. സ്വാഗതം സിറാജ് സാറും അധ്യക്ഷനായി മജീദ് സാറും ഉത്ഘാടനം ശ്രീമതി ശ്രീവിദ്യ മാഡവും നിർവഹിച്ചു. ഏതൊരു കർഷകനും സന്തോഷമേകുന്ന നിമിഷമാണ് അവരുടെ കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തുമ്പോൾ, പക്ഷെ എനിക്ക് ആ സന്തോഷത്തിനു ഇരട്ടി സന്തോഷമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കാരണം എന്റെ കൂടെ സന്തോഷിക്കുവാൻ എന്നെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ അദ്ധ്യാപകരും പ്രിയ സുഹൃത്തായ നൗറിനും സ്വാബിറും കൂടെ ഉണ്ടല്ലോ എന്ന സന്തോഷം. ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ എനിക്ക് ലഭിച്ചത് GHSS പൂനൂരിൽ ചേർന്ന് സീഡിൽ അംഗമായതിനു ശേഷമാണ്. എനിക്കു ലഭിച്ച വലിയൊരു ഭാഗ്യമാണ് സീഡ് ക്ലബ്. കുറെ കാര്യങ്ങൾ പഠിക്കുവാനും കൃഷിയുടെ മഹത്വത്തെപറ്റി മനസിലാക്കുവാനും സാധിച്ചു. സന്തോഷകരമായ നിമിഷത്തിൽ പ്രിയപ്പെട്ട അദ്ധ്യാപകരെ നേരിൽ കാണുവാനും കുറച്ചു സമയം അവരോടൊപ്പം പങ്കുവക്കുവാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവാനും സാധിച്ചു. അന്യം നിന്നു പോയ്കൊണ്ടിരിക്കുന്ന കരനെൽകൃഷിയുടെ പ്രാധാന്യത്തെകുറിച്ചും കുട്ടിക്കാലത്തെ അവരുടെ അനുഭവങ്ങളെ കുറിച്ചും അദ്ധ്യാപകരും കൃഷിഓഫീസർ ആയ ശ്രീവിദ്യ മാഡവും സംസാരിച്ചു. പലതരത്തിലുള്ള കൃഷികളെ കുറച്ചു മനസിലാക്കുവാൻ സാധിച്ചു. ജാഫർ സാർ ഒളപ്പമണ്ണയുടെ കവിതയിലെ ഏതാനും വരികൾ ചൊല്ലുകയും കരിം സാർ അടുത്ത വർഷം കുറച്ചു കൂടി കൂടുതൽ കൃഷി ചെയ്യണമെന്നും പറഞ്ഞു. അതിനു ശേഷം വല്യച്ഛൻ, അജിമാഷ്, ലത്തീഫ് സാർ, ജാഫർ സാർ, അബ്ദുൽ കരിം സാർ, ബഷീർ സാർ എന്നിവർ ആശംസ അറിയിക്കുകയും വളരെയധികം തിരക്കുകൾക്കിടയിൽ പോലും എന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ എത്തിചേർന്ന ശ്രീമതി ശ്രീവിദ്യ മാഡത്തിനും എന്റെ പ്രിയപ്പെട്ട അദ്ധ്യാപകർക്കും അജിമാഷിനും അതിലേറെ എന്റെ കൃഷിക്കു വൻവിജയം നേടിതന്ന സിറാജ് സാറിനും നൗറിനും സ്വാബിറിനും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയറിയിക്കുകയും ചെയ്തു.