ചങ്കിനൊരു തൈ നൽകി പരിസ്ഥിതി ദിനം ആഘോഷമായി
കല്ലാച്ചി: പരിസ്ഥിതി ദിനാചരണം കല്ലാച്ചി ഗവ. ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ ആഘോഷമാക്കി. ചങ്കിനൊരു തൈ നൽകാം എന്ന പരിപാടി കുട്ടികൾ ഏറ്റെടുത്തു.
വിപുലമായ പരിപാടികളാണ് ഇത്തവണ പരിസ്ഥിതി ദിനത്തിൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടന്നത്. എൻ്റെ മരം - സെൽഫി, വീട്ടിലൊരു മരം, പരിസ്ഥിതി ക്വിസ് , ഇഷ്ടപ്പെട്ട മരം ഓർമക്കുറിപ്പ്, നഗര ജൈവ വൈവിധ്യം - വെബിനാർ എന്നിവയാണ് നടന്നത്.
സ്വന്തമായി വിത്ത് പാകി യുണ്ടാക്കിയ തൈകളാണ് കുട്ടികൾ തങ്ങളുടെ ചങ്ങാതിമാർക്കും ബന്ധുക്കൾക്കും നൽകിയത്. ഇതിനായി കഴിഞ്ഞ മാസം തന്നെ അവർ ഒരുക്കം തുടങ്ങിയിരുന്നു. മാതൃഭൂമി സീഡ് ക്ലബ്ബാണ് ഇതിന് നേതൃത്വം നൽകിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് കുട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത്.
മലയാള സർവകലാശാലയിലെ അസി. പ്രൊഫസറായ ഡോ. ധന്യ ആർ നയിച്ച വെബിനാർ കുട്ടികൾക്ക് പുതിയ അനുഭവമായി. നഗരവത്കരണത്തിൻ്റെ ഫലമായി ജൈവവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് അവർ വിശദീകരിച്ചത്. പക്ഷികളുടെ കൂട്, ഭക്ഷണം എന്നിവയിൽ നഗരപ്രദേശങ്ങളിൽ കണ്ടുവരുന്ന പ്രത്യേക തകൾ ചിത്രങ്ങളിലൂടെ വിശദീകരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. ഗ്രാമങ്ങളിലെ പക്ഷികൾക്ക് ചെടികളും മറ്റും കിട്ടുന്നുണ്ട്. നഗരത്തിലെ പക്ഷികൾ ആശുപത്രികളിൽ നിന്ന് ഉപേക്ഷിക്കുന്ന കോട്ടൺ അവശിഷ്ടങ്ങളൊക്കെയാണ് കൂടുണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതു പോലെ നഗരത്തിലെ പക്ഷികൾക്ക് ലഭിക്കുന്നത് ഹോട്ടലുകൾ ഉപേക്ഷിക്കുന്ന ഭക്ഷണ വസ്തുക്കളാണ്. അതിനാൽ അവയുടെ ആരോഗ്യവും ക്ഷയിച്ചു വരുകയാണെന്നും അവർ നിരീക്ഷിച്ചു.
രാവിലെ പരിസ്ഥിതി ദിനാചരണം പി.ടി.എ. പ്രസിഡൻ്റ് എ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഡോ. ജോൺസൺ ജോർജ് പ്രഭാഷണം നടത്തി. വിദ്യാർഥികളായ അഷിക അശോക്, സിതു പൂർണ എന്നിവർ കവിതകൾ ആലപിച്ചു. നിഹാൽ നന്ദൻ ആശംസകളർപ്പിച്ചു.
അധ്യാപകരായ ഫസലുള്ള, രാജലക്ഷ്മി, കെ.എം. ആൻ്റണി, സീഡ് കോ-ഓർഡിനേറ്റർ ചന്ദ്രൻ കെ.കെ. എന്നിവർ സംസാരിച്ചു.