EVENTS

പരിഹാരം കാര്‍ഷിക സംസ്‌കൃതിയിലേക്കുള്ള തിരിച്ചുപോക്ക് കളക്ടര്‍ പി.ബാലകിരണ്‍

October 27
12:53 2015

കണ്ണൂര്‍: ഭാവിയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാര്‍ഷികസംസ്‌കൃതിയിലേക്കുള്ള തിരിച്ചുപോക്കാണെന്ന് കളക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്‌കാരവിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളവും പച്ചക്കറികളുമെല്ലാം വിഷപൂരിതമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അങ്ങനെയൊരു തിരിച്ചുപോക്കിന് കുട്ടികളില്‍നിന്ന് തുടക്കമിടാന്‍ മാതൃഭൂമി സീഡിനായിട്ടുണ്ട്. ഈ ആവേശം വലുതാവുമ്പോഴും മുന്നോട്ടുകൊണ്ടുപോകണം. ജില്ലയിലെ കണ്ടല്‍സംരക്ഷണപ്രവര്‍ത്തനങ്ങളിലും സീഡിന്റെ സംഭാവന വലുതാണ്. മാലിന്യസംസ്‌കരണത്തിനായി എല്ലാവീടുകളും കേന്ദ്രീകരിച്ച് സംവിധാനമൊരുക്കാനുള്ള ബോധവത്കരണവുമുണ്ടാവണം. തങ്ങളുടെ കുട്ടിക്കാലം പരിസ്ഥിതിയെയും സമൂഹത്തെയുംകുറിച്ച് ഒന്നുമറിയാതെയായിരുന്നു. ഇവിടെ ഭാവിപൗരന്മാരായ കുട്ടികളില്‍നിന്ന് തുടങ്ങാനായത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ ജൈവപയര്‍ നല്കിയാണ് കളക്ടറെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. കണ്ണൂര്‍ വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയപുരസ്‌കാരം അമൃതവിദ്യാലയത്തിന് കളക്ടര്‍ സമ്മാനിച്ചു. തലശ്ശേരി വിദ്യാഭ്യാസജില്ലയില്‍ മാങ്ങാട്ടിടം യു.പി. സ്‌കൂളിനും തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയില്‍ ജി.എച്ച്.എസ്.എസ്. കൊട്ടിലയ്ക്കും കളക്ടര്‍ ഒന്നാംസമ്മാനം നല്കി. 15,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് ഒന്നാംസമ്മാനം. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസജില്ലകളില്‍ നിന്നായി വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. തലശ്ശേരി, കെ.കെ.എന്‍. പരിയാരം സ്മാരക ജി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകള്‍ രണ്ടാംസമ്മാനമായ 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും നേടി. മൂന്നാംസമ്മാനമായ 5,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍, സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂള്‍, നെരുവമ്പ്രം യു.പി. സ്‌കൂള്‍ പഴയങ്ങാടി എന്നിവ നേടി. മൂന്ന് വിദ്യാഭ്യാസജില്ലകളിലെയും മികച്ച സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സഫ്രീന ബഷീര്‍, സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ കെ.ശോഭന, തളിപ്പറമ്പ് പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ടി.എം.ശ്രീജ എന്നീ അധ്യാപകര്‍ക്കും കളക്ടര്‍ ഉപഹാരം നല്കി. മികച്ച സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ എട്ട് സ്‌കൂളുകളാണ് പ്രോത്സാഹനസമ്മാനം നേടിയത്. ദേശസേവ യു.പി. സ്‌കൂള്‍ കണ്ണാടിപ്പറമ്പ്, തോട്ടട വെസ്റ്റ് യു.പി. സ്‌കൂള്‍, കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂള്‍, തുഞ്ചത്താചാര്യ വിദ്യാലയം എടച്ചൊവ്വ, എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആനയിടുക്ക്, ആര്‍.കെ.യു.പി. സ്‌കൂള്‍ പാലോട്ടുവയല്‍, ഏച്ചൂര്‍ വെസ്റ്റ് യു.പി. സ്‌കൂള്‍ എന്നിവയ്ക്കാണ് പ്രോത്സാഹനസമ്മാനം. തലശ്ശേരി വിദ്യാഭ്യാസജില്ലയില്‍ രാജീവ്ഗാന്ധി എം.എച്ച്.എസ്.എസ്. മൊകേരി, കാടാങ്കുനി യു.പി. സ്‌കൂള്‍ അണിയാരം, സി.ഇ.ഭരതന്‍ ജി.എച്ച്.എസ്.എസ്. മാഹി, ഐ.കെ.കുമാരന്‍ ജി.എച്ച്.എസ്.എസ്. പന്തക്കല്‍ എന്നീ സ്‌കൂളുകളും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ജി.യു.പി.എസ്. നുച്യാട്, സെന്റ് ജോസഫ്‌സ് എച്ച്.എസ്. പുഷ്പഗിരി, പൂമംഗലം യു.പി.എസ്., പരപ്പ യു.പി. സ്‌കൂള്‍, വെള്ളോറ എ.യു.പി. സ്‌കൂള്‍, ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിയാരം എന്നീ സ്‌കൂളുകളും പ്രോത്സാഹനസമ്മാനം നേടി. ചടങ്ങില്‍ ആര്‍.കെ.യു.പി. സ്‌കൂള്‍ അധ്യാപിക പി.പി.ജയശ്രീ പാഴ്വസ്തുക്കളുപയോഗിച്ച് നിര്‍മിച്ച കരകൗശലവസ്തുക്കളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വസന്തന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ചന്ദ്രന്‍ കോരമ്പേത്ത്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ധനേഷ്‌കുമാര്‍, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ വി.ഒ.പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് സ്വാഗതവും സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Write a Comment

Related Events