EVENTS

കടലാമസംരക്ഷണത്തിന് മാഹിയിലും കണ്ണൂരിലും പുതിയങ്ങാടിയിലും ' ടര്‍ട്ടില്‍ വാക്ക് '

November 28
12:53 2015


കണ്ണൂര്‍: മാതൃഭൂമി സീഡിന്റെ 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ഭാഗമായി കടലാമസംരക്ഷണ ബോധവത്കരണത്തിന് ജില്ലയില്‍ മൂന്നിടത്ത് ടര്‍ട്ടില്‍ വാക്ക് നടത്തി.
കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, മാഹി കടപ്പുറം, പുതിയങ്ങാടി കടപ്പുറം എന്നിവിടങ്ങളിലാണ് സ്‌കൂള്‍വിദ്യാര്‍ഥികള്‍ കടലാമസംരക്ഷണ ബോധവത്കരണ റാലി നടത്തിയത്. കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുകയും അവരെക്കൂടി ഈ യജ്ഞത്തില്‍ പങ്കാളികളാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും അണിനിരത്തി ബുധനാഴ്ച രാവിലെ ടര്‍ട്ടില്‍ വാക്ക് നടത്തിയത്.
കണ്ണൂര്‍ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എടച്ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയം, ആനയിടുക്ക് എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമൃത വിദ്യാലയം കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പയ്യാമ്പലം ബീച്ചില്‍ ബോധവത്കരണ റാലി നടത്തി. ആമസംരക്ഷണ സന്ദേശമുള്ള പ്ലക്കാര്‍ഡുകളും ബാനറും പിടിച്ചാണ് സീഡ് ക്ലബ്ബംഗങ്ങളായ വിദ്യാര്‍ഥികളും അധ്യാപകരും റാലിയില്‍ അണിനിരന്നത്. പയ്യാമ്പലത്തെ ടര്‍ട്ടില്‍ വാക്കിന് അധ്യാപകരായ ജീന വാമന്‍, ഷിജി ജോസഫ്, സഫ്രീന ബഷീര്‍, പ്രിയങ്ക രാജ്, സുമിയ്യ ജുനൈദ്, ഇ.ടി.വിമല്‍, സ്വര്‍ണലത ബാലന്‍, ജ്യോത്സ്‌ന രാജേഷ്, വി.പി.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി. 60 കുട്ടികള്‍ പങ്കെടുത്തു.
വംശനാശഭീഷണിനേരിടുന്ന കടലാമയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി പുതിയങ്ങാടി ജമാഅത്തെ ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കടലാമസംരക്ഷണ ബോധവത്കരണ റാലി നടത്തി. പുതിയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തുള്ള കടപ്പുറത്തുനിന്നാണ് റാലി തുടങ്ങിയത്. കടലാമകളെ സംരക്ഷിക്കുക, കടലാമസംരക്ഷണ കൂട്ടായ്മയില്‍ പങ്കാളികളാവുക, പ്രകൃതിയെ സംരക്ഷിക്കുക, വംശനാശഭീഷണിയിലായ ജീവികളെ നിലനിര്‍ത്തുക തുടങ്ങിയ വാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുമായാണ് കുട്ടികള്‍ റാലിയില്‍ അണിനിരന്നത്.
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നു തുടങ്ങുന്ന പാട്ടുപാടിക്കൊണ്ടാണ് റാലി നീങ്ങിയത്. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി. സുധീര്‍കുമാര്‍ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ എസ്.സുബൈര്‍, മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയന്‍, സെക്യൂരിറ്റി ഓഫീസര്‍ പി.കെ.ജയരാജ്, പഴയങ്ങാടി മാതൃഭൂമി ലേഖകന്‍ പവിത്രന്‍ കുഞ്ഞിമംഗലം, അധ്യാപകരായ വി.സാംസന്തോഷ്, പി.സുനിത, ബി.ഷീബ, എം.നിഷാകുമാരി, ഒ.ടി.സലീം എന്നിവര്‍ നേതൃത്വം നല്‍കി. പുതിയങ്ങാടി കടപ്പുറത്തുനിന്ന് മൊട്ടാമ്പ്രംവഴി ബോധവത്കരണറാലി സ്‌കൂളില്‍ സമാപിച്ചു. മാഹി സി.ഇ.ഭരതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് മാഹി കടലോരത്ത് ബോധവത്കരണ ക്ലാസും നഗരത്തില്‍ കടലാമ സംരക്ഷണറാലിയും നടത്തി. പൂഴിത്തല കടലോരത്ത് തീരദേശവാസികള്‍ക്ക് കടലാമയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ക്ലാസും വീടുകളില്‍ ലഘുലേഖ വിതരണവും നടത്തി. സ്‌കൂള്‍മുറ്റത്ത് നടന്ന ചടങ്ങില്‍ സംരക്ഷണ ബോധവത്കരണ റാലിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ഷാജി പിണക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വത്സകുമാര്‍ അധ്യക്ഷതവഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ മുരളി വാണിമേല്‍, പ്രഥമാധ്യാപിക ഇ.എന്‍.അജിത, സീഡ് പ്രതിനിധി ആന്‍മരിയ ഇമ്മാനുവല്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് പി.ടി.സി.ശോഭ, സീഡ് അംഗങ്ങളായ അക്ഷയ്, അശ്വിന്‍, റോഷിത്ത്, നീരജ്, യദുകൃഷ്ണന്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെളുത്തവാവ് ദിനത്തില്‍ കടലില്‍നിന്ന് മുട്ടയിടാന്‍ കരയിലെത്തുന്ന കടലാമകള്‍ക്ക് സ്വാഗതവും താരാട്ടും ഒരുക്കിയത് കൗതുകം നിറഞ്ഞ പുത്തന്‍ അനുഭവമായി.

Write a Comment

Related Events