EVENTS

മണ്ണിനെ വണങ്ങി മണ്ണുപുരണ്ട് മരമുത്തശ്ശിയുടെ തണലില്‍

December 08
12:53 2015

കണ്ണൂര്‍: മണ്ണിനെ സ്‌നേഹിച്ചും ആദരിച്ചും ഒരുദിനം. മാതൃഭൂമി സീഡ് ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'മണ്ണേ നമ്പി' അന്താരാഷ്ട്ര മണ്ണുദിനാചരണം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മണ്ണിനെ അറിഞ്ഞാദരിക്കാനുള്ള വേദിയായി.
സയന്‍സ് പാര്‍ക്കിന് സമീപം ടി.ടി.ഐ. സ്‌കൂള്‍മൈതാനത്തെ ആല്‍ മുത്തശ്ശിയുടെ തണലിലായിരുന്നു പരിപാടി. പാദരക്ഷകള്‍ മാറ്റി മണ്ണിന്റെ സ്പര്‍ശം അറിഞ്ഞാണ് മണ്ണറിവ് വിശേഷങ്ങള്‍ പങ്കുവെച്ചത്. ദിനാചരണം മണ്ണില്‍ തത്സമയം ഉണ്ടാക്കിയ കാമനെ ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എം.പി.പ്രദീപ്കുമാറിന് നല്‍കി, റിട്ട. അധ്യാപിക എന്‍.കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു.
മണ്ണ് ദൈവത്തിന്റെ അനുഗ്രഹമാണെന്നും വളരെ ബഹുമാനത്തോടെയും വൃത്തിയോടെയും വേണം അതിനെ സമീപിക്കാനെന്നും കാര്‍ത്ത്യായനി ടീച്ചര്‍ പറഞ്ഞു.
മണ്ണാണ് എല്ലാത്തിനും അടിസ്ഥാനമെന്നും അതിനെ പവിത്രമായി കാണണമെന്നും അധ്യക്ഷതവഹിച്ച ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് പറഞ്ഞു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപയറക്ടര്‍ ഇ.വസന്തന്‍, ഗവ. ടി.ടി.ഐ. പ്രിന്‍സിപ്പല്‍ പി.ആര്‍.വസന്തകുമാര്‍, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ഒ.പാപ്പച്ചന്‍, മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് ,സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദേഹമാസകലം മണ്ണുപൂശി ശില്പി സുരേന്ദ്രന്‍ കൂക്കാനം വാത്മീകിയായി ചടങ്ങ് തീരുന്നതുവരെ മരച്ചുവട്ടിലിരുന്നു. മണ്ണുകൊണ്ട് കളിച്ചും മണ്ണറിവ്പാട്ടുകള്‍ പാടിയും ചെളിമണ്ണ് പുരണ്ടും കുട്ടികള്‍ ദിനാചരണം മണ്ണിനോടുള്ള സ്‌നേഹപ്രകടനമാക്കി. പ്രഭന്‍ നീലേശ്വരം നേതൃത്വം നല്‍കി. ആനയിടുക്ക് എച്ച്.ഐ.എസ്., കക്കാട് അമൃത വിദ്യാലയം, തുഞ്ചത്താചാര്യ വിദ്യാലയം, അഴീക്കോട് സൗത്ത് യു.പി. സ്‌കൂള്‍, തോട്ടട വെസ്റ്റ് യു.പി. സ്‌കൂള്‍, കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നായി 40 വിദ്യാര്‍ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. മണ്ണറിവ് ക്ലാസും കളികളും ഉച്ചവരെ നീണ്ടു. കൂത്തുപറമ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന കിഴങ്ങുകളുടെ പ്രദര്‍ശനവും നടന്നു.
അധ്യാപകരായ പി.പി.ജയശ്രീ, സ്വര്‍ണലത, മായപ്രഭാകര്‍, സഫ്രീന ബഷീര്‍, സീമാ പ്രശാന്ത്, രാജന്‍ കുന്നുമ്പ്രോന്‍ എന്നിവര്‍ മണ്‍ശില്പ നിര്‍മാണത്തിന് നേതൃത്വം നല്‍കി.

Write a Comment

Related Events