EVENTS

കണ്ണൂര്‍: ജില്ലാ കലോത്സവത്തിന് മാതൃഭൂമി സീഡിന്റെ വക വിഷരഹിത പച്ചക്കറികൊണ്ടുള്ള ഊണ്

January 13
12:53 2016


കണ്ണൂര്‍: ജില്ലാ കലോത്സവത്തിന് മാതൃഭൂമി സീഡിന്റെ വക വിഷരഹിത പച്ചക്കറികൊണ്ടുള്ള ഊണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുക്കും. ഊണൊരുക്കാനുള്ള പച്ചക്കറികളും സാധനങ്ങളും ചൊവ്വാഴ്ച ഘോഷയാത്രയായെത്തി അധികൃതര്‍ക്ക് കൈമാറി.
20 സ്‌കൂളുകളിലെ കുട്ടികള്‍ നട്ടുനനച്ച് വിളയിച്ചെടുത്ത പച്ചക്കറികളും കിഴങ്ങുകളും സീഡ് പ്രവര്‍ത്തകര്‍ വാഹനവുമായി ചെന്ന് ശേഖരിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെത്തിച്ചു. അവിടെനിന്ന് മുനിസിപ്പല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കലോത്സവ സംഘാടകര്‍, മാതൃഭൂമി പ്രതിനിധികള്‍, സീഡ് പ്രവര്‍ത്തകര്‍ എന്നിവരുടെ അകമ്പടിയോടെ ഘോഷയാത്രയായി സ്‌കൂളിലെത്തിക്കുകയായിരുന്നു.
തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബാന്‍ഡ് സംഘത്തിന്റെ മേളത്തോടെയായിരുന്നു ഘോഷയാത്ര. കലോത്സവ നഗരിയിലെത്തിച്ച പച്ചക്കറികള്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന് കൈമാറി.
ചടങ്ങില്‍ ഭക്ഷണക്കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബാലകൃഷ്ണന്‍, കണ്‍വീനര്‍ വി.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ കുന്നുമ്പ്രോന്‍, അധ്യാപകനായ രാഗേഷ് തില്ലങ്കേരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ വിനോദ്, മാതൃഭൂമി സര്‍ക്കുലേഷന്‍ ഡെപ്യൂട്ടി മാനേജര്‍ ഷിനുകുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ ചന്ദ്രശേഖരന്‍ നമ്പ്യാര്‍, സീഡ് എക്‌സിക്യൂട്ടീവ് ആന്‍മരിയ, കെ.വിജേഷ്, പി.കെ.ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1100 കിലോ പച്ചക്കറികള്‍, 40 നാളികേരം, 7500 വാഴയില എന്നിവയാണ് രണ്ട് വണ്ടികളിലായി എത്തിച്ചത്. വാഴക്കുലകള്‍, ചേന, കപ്പ, പടവലം, മുരിങ്ങ, പയര്‍, കയ്പ, ചീര, താലോലിക്ക, പപ്പായ, ഇളവന്‍, മത്തന്‍, വാഴക്കാമ്പ്, കറിവേപ്പില, തേങ്ങ, വാഴയില എന്നിവ കുട്ടികള്‍ എത്തിച്ചിരുന്നു.
കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊക്കിലങ്ങാടി, വട്ടിപ്രം യു.പി. സ്‌കൂള്‍, മാങ്ങാട്ടിടം യു.പി.സ്‌കൂള്‍, പൂക്കോട് അമൃത വിദ്യാലയം, കാടാങ്കനി യു.പി. സ്‌കൂള്‍ അണിയാരം, സി.ഇ.ഭരതന്‍ ജി.എച്ച്.എസ്.എസ്. മാഹി, പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എടക്കാട്, ഊര്‍പ്പഴശ്ശിക്കാവ് യു.പി. സ്‌കൂള്‍, എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആനയിടുക്ക്, ആര്‍.കെ.യു.പി. സ്‌കൂള്‍ പാലോട്ടുവയല്‍, ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യാമ്പലം, അമൃതവിദ്യാലയം കക്കാട്, ഏറ്റുകുടുക്ക യു.പി. സ്‌കൂള്‍, മാത്തില്‍ എച്ച്.എസ്.എസ്., ഗവ. എച്ച്.എസ്.എസ്. വെള്ളൂര്‍, കെ.കെ.എന്‍. ജി.എച്ച്.എസ്.എസ്. പരിയാരം, ജി.എച്ച്.എസ്.എസ്. കൊട്ടില, പൂമംഗലം യു.പി. സ്‌കൂള്‍, കയരളം എ.യു.പി. സ്‌കൂള്‍, വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച പച്ചക്കറികളാണ് കലോത്സവസ്ഥലത്തെത്തിച്ചത്.

വാഴക്കുല, ചേന, കിഴങ്ങ്, വെള്ളരിക്ക, പടവലം, താലോലി, കോട്ടപ്പയര്‍ തുടങ്ങി അമ്പതോളം ഇനങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് കലവറയില്‍ എത്തിച്ചുകഴിഞ്ഞു. ഈ വിളകള്‍കൊണ്ട് വ്യാഴാഴ്ച ചോറിനൊപ്പം സാമ്പാര്‍, കൂട്ടുകറി, പച്ചടി, ഉപ്പേരി എന്നിവയും പാല്‍പായസവും തയ്യാറാക്കും. രാവിലെ ഉപ്പുമാവും പഴവും നല്‍കും.
ജില്ലയിലെ 20 സ്‌കൂളുകളില്‍നിന്നാണ് സീഡ്ക്ലബ്ബംഗങ്ങള്‍ വിഭവസമാഹരണം നടത്തിയത്. പയ്യന്നൂരിലെ പി.യു.രാജനും ഫോക്ലോര്‍ അവാര്‍ഡ് ജേതാവായ നാരായണനും പാചകത്തിന് നേതൃത്വം നല്‍കും. മത്സരാര്‍ഥികളും വിധികര്‍ത്താക്കളും സംഘാടകരുമായി 3500ഓളം പേര്‍ വിഷമില്ലാത്ത ഭക്ഷണത്തിന്റെ രുചിയറിയും.

എന്‍ഡോസള്‍ഫാനും ഡി.ഡി.ടി.യുമടക്കമുള്ള വിഷങ്ങളെല്ലാം കലോത്സവ ഊട്ടുപുരയ്ക്ക് പുറത്തായിരുന്നു. രാസവളങ്ങളും രാസകീടനാശിനിയുമില്ലാതെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ വിളയിച്ചെടുത്ത 1100 കിലോ പച്ചക്കറികള്‍കൊണ്ട് 4500ത്തോളം പേര്‍ക്ക് സദ്യ. ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിവസമാണ് മാതൃകാപരമായ ഈ ഭക്ഷണവിപ്ലവം നടന്നത്.
മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികളാണ് 'നഞ്ചില്ലാത്ത ഊണ്' പദ്ധതിയുടെ ഭാഗമായി വിഷരഹിത സദ്യയൊരുക്കിയത്. പി.കെ.ശ്രീമതി എം.പി., മേയര്‍ ഇ.പി.ലത എന്നിവരടക്കമുള്ളവര്‍ ഊട്ടുപുരയിലെത്തി സദ്യയുണ്ടു. കൂട്ടുകറി, പച്ചടി, നെല്ലിക്ക അച്ചാര്‍, മുരിങ്ങക്കായ് സാമ്പാര്‍ എന്നിവയ്ക്ക് പുറമെ നല്ല പാല്‍പ്പായസവുമുണ്ടായി. 'സീഡ് വിദ്യാര്‍ഥികളുടെ ഈ ഉദ്യമത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളം മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ പദ്ധതിക്ക് പിന്തുണ നല്‍കിയാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വിഷംകലര്‍ന്ന പച്ചക്കറിവരവ് നിയന്ത്രിക്കാനാവും' സദ്യയുണ്ണുന്നതിനിടെ പി.കെ.ശ്രീമതി എം.പി. പറഞ്ഞു. ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നല്‍കിയ മാതൃഭൂമിയെയും സീഡ് അംഗങ്ങളെയും എം.പി. അഭിനന്ദിച്ചു. ഡി.ഡി.ഇ. ഇ.വസന്തന്‍, ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ വി.പി.മോഹനന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍ തുടങ്ങിയവരും എം.പി.യോടൊപ്പം സദ്യയുണ്ടു. തുടര്‍ന്ന് മേയര്‍, പാനൂര്‍ നഗരസഭാധ്യക്ഷ റംല തുടങ്ങിയവരും സദ്യയുണ്ണാനെത്തി.
20 സ്‌കൂളില്‍ കൃഷിചെയ്ത പച്ചക്കറികളും മറ്റുമാണ് സദ്യക്കുപയോഗിച്ചത്. വാഴക്കുലകള്‍, ചേന, കപ്പ, പടവലം, മുരിങ്ങ, പയര്‍, കയ്പ, ചീര, താലോലിക്ക, പപ്പായ, ഇളവന്‍, മത്തന്‍, വാഴക്കാമ്പ്, കറിവേപ്പില, തേങ്ങ, വാഴയില തുടങ്ങിയവയെല്ലാം രണ്ടു വാഹനങ്ങളിലായി നേരത്തേ വിദ്യാര്‍ഥികള്‍ ഊട്ടുപുരയിലെത്തിച്ച് കലവറ നിറച്ചിരുന്നു. സദ്യ വിളമ്പാന്‍ 7500 വാഴയിലയും കുട്ടികള്‍തന്നെ നല്‍കി. ബാക്കിവന്ന പച്ചക്കറികള്‍ തുടര്‍ന്നുള്ള ദിവസവും ഉപയോഗിക്കും.






Write a Comment

Related Events